കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതികളായ മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനെ തുടര്‍ന്ന് ലഭിച്ച ജാമ്യത്തിലാണ് പ്രതികള്‍ പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ച് ജയില്‍ മോചിതരായവരെ സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കളടക്കം ജയിലിൽ എത്തിയിരുന്നു.

സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ജയിലെത്തി. സിപിഎം നേതാക്കളായ കെ.വി. രാജന്‍, കെ.പി.സതീഷ് ചന്ദ്രന്‍ തുടങ്ങിയവരും ജാമ്യംലഭിച്ചവരെ സ്വീകരിക്കാൻ എത്തിയിരുന്നു. ശിക്ഷാവിധി വന്ന് അഞ്ച് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പ്രതികള്‍ പുറത്തിറങ്ങുന്നത്.

സി.പി.എമ്മിനെതിരെ നടന്നത് രാഷ്ട്രീയഗൂഢാലോചനയെന്ന് മോചിതരായ പ്രതികള്‍ പ്രതികരിച്ചു. കേസില്‍പ്പെടുത്തിയത് പാര്‍ട്ടി നേതാക്കളായതിനാലെന്ന് കെ.വി.കുഞ്ഞിരാമന്‍ പറഞ്ഞു. ഞങ്ങള്‍ നിരപരാധികളെന്ന് പാര്‍ട്ടിക്ക് വിശ്വാസമുണ്ടെന്നും പ്രതികള്‍.

അതേസമയം, സി.ബി.ഐയാണ് കള്ളക്കഥയുണ്ടാക്കിയതെന്ന് എം.വി.ജയരാജനും പ്രതികരിച്ചു. ഇക്കാര്യം കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. വലതുപക്ഷ രാഷ്ട്രീയക്കാരുടേയും മാധ്യമങ്ങളുടേയും ഗൂഢാലോചനയാണ് നടന്നത്. സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള രാഷ്ട്രീയദൗത്യമാണ് സിബിഐ നിര്‍വഹിച്ചതെന്നും ജയരാജന്‍.

അതേസമയം, ജയിൽ നിന്നും സ്വീകരണം നൽകിയെങ്കിലും ഔദ്യോഗികമായി സിപിഎം യാതൊരു തരത്തിലുള്ള സ്വീകരണ പരിപാടിയും സംഘടിപ്പിച്ചിട്ടില്ലെന്ന് എംവി ബാലകൃഷ്ണൻ പറഞ്ഞു. ​ഗൂഢാലോചന നടത്തിയെന്ന് സിബിഐ കോടതിയാണ് പറഞ്ഞത്. അതിന് തെളിവൊന്നുമില്ല. കാസർകോടുള്ള നേതാക്കളാണ് ഇവിടെ എത്തിയിട്ടുള്ളത്. നിലവിൽ ഇവർ ജാമ്യത്തിലാണ്.

അപ്പീൽ കോടതിയിൽ മറ്റു കാര്യങ്ങളുമായി മുന്നോട്ട് പോവുമെന്നും എംവി ബാലകൃഷ്ണൻ പറഞ്ഞു. പ്രതികൾക്ക് സ്വീകരണമൊരുക്കാൻ ശ്രമിച്ചെങ്കിലും പോലീസ് അനുമതി ലഭിച്ചില്ലെന്നാണ് വിവരം. കൂടാതെ പാർട്ടിയിൽ നിന്ന് തന്നെ ഇതിൽ എതിർപ്പ് ഉണ്ട്. ശിക്ഷ അന്തിമമല്ലെന്നും, തിരിച്ചടിയാവാൻ സാധ്യത ഉണ്ടെന്നും കണ്ടാണ് പിൻമാറിയത്. നേരത്തെ, ജയിലിലേക്ക് എത്തിക്കുമ്പോൾ പാർട്ടി പ്രവർത്തരുൾപ്പെടെ മുദ്രാവാക്യം വിളിച്ചാണ് വന്നത്. പി ജയരാജനും എത്തിയിരുന്നു. ഇന്നലെ പികെ ശ്രീമതി ടീച്ചറും പിപി ദിവ്യയും ജയിലിലെത്തിയിരുന്നു.

അതുപ്പോലെ, അപ്പീലിൽ അന്തിമ ഉത്തരവ് വരും വരെയാണ് ശിക്ഷക്ക് സ്റ്റേ. 5 വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു കഴിഞ്ഞ ദിവസം സിബിഐ കോടതി ഇവർക്ക് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചതായിരുന്നു ഇവർക്കെതിരെയുള്ള കുറ്റം.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ. ഇവരും വൈകാതെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചേക്കും. കേസിലെ 1 മുതൽ 8 വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്ക് ഇരട്ട ജീവപര്യന്തവും മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.