അബുദാബി: പ്രവാസികളെ അനുകൂലമാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് 16ന് ബഹ്‌റൈനില്‍ തുടക്കമാകും. രാത്രി 8ന് ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയാണ് ലക്ഷ്യം. പിന്നീട് സൗദിയിലേക്കു പോകുന്ന മുഖ്യമന്ത്രി 17ന് ദമാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലും പൊതുപരിപാടികളില്‍ പങ്കെടുക്കും.

24, 25 തീയകളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും. 30ന് ഖത്തര്‍ സന്ദര്‍ശിക്കും. നവംബര്‍ 7ന് കുവൈത്തിലും 9ന് അബുദാബിയിലും എത്തും. അബുദാബിയില്‍ ഗോള്‍ഫ് ക്ലബില്‍ വൈകിട്ട് 6 മുതല്‍ 10 വരെയാണ് പൊതുപരിപാടി. മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ പ്രവാസി മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു. മന്ത്രി സജി ചെറിയാനും നോര്‍ക്ക, മലയാളം മിഷന്‍ പ്രതിനിധികളും മുഖ്യമന്ത്രിയെ അനുഗമിക്കും.