തിരുവനന്തപുരം: ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്റ് മേരീസ് ചര്‍ച്ചില്‍നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണ് സംഭവിച്ചതെന്നാണ് ആരോപണം.

ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങള്‍ ഹനിക്കുന്ന ഇത്തരം നടപടികള്‍ ബഹുസ്വര സമൂഹത്തിനു ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപി അണിയുന്ന ക്രിസ്തീയ സ്‌നേഹത്തിന്റെ പൊയ്മുഖമാണ് ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിന്റെ മുറ്റത്ത് വീണുകിടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുസ്‌ലിം മത വിശ്വാസികളെ നേരിടാനുള്ള താല്‍ക്കാലിക ഉപകരണം മാത്രമായാണ് ക്രിസ്തീയ വിശ്വാസികളെ ബിജെപി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചത്. സെന്റ്‌മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം. പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കള്‍ ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പള്ളിയാണ് സേക്രഡ് ഹാര്‍ട്ട് പള്ളി. സംഭവത്തില്‍ ഡല്‍ഹി പൊലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.