മലപ്പുറം: എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫി​റോസ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി വെട്ടിയും കുത്തിയും കൊല്ലുന്നവരുടെ പാർട്ടി മാത്രമല്ലെന്നായിരുന്നു ഫി​റോസിന്റെ പ്രതികരണം. അധികാരം ചിലരെ കൂടുതൽ അഹങ്കാരികളാക്കുമെന്നതിന് തെളിവാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെന്നും ഒരുദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങിൽ എന്ത് മാത്രം ഗർവ്വോടെയാണ് അവർ സംസാരിച്ചതെന്നും ആ മനുഷ്യൻ എത്രമാത്രം മാനസിക പീഡനമായിരിക്കും അനുഭവിച്ചിട്ടുണ്ടാവുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അധികാരം ചിലരെ കൂടുതൽ ജനകീയരാക്കുമെന്നതിന് ഉമ്മൻ ചാണ്ടിയെ പോലെ ഒരുപാടുദാഹരണങ്ങളുണ്ട്. എന്നാൽ, അധികാരം ചിലരെ കൂടുതൽ അഹങ്കാരികളാക്കുമെന്നതിന് തെളിവാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ. ഒരുദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങിൽ എന്ത് മാത്രം ഗർവ്വോടെയാണ് അവർ സംസാരിച്ചത്. ആ മനുഷ്യൻ എത്രമാത്രം മാനസികപീഡനമായിരിക്കും അനുഭവിച്ചിട്ടുണ്ടാവുക! കണ്ണൂർ എ.ഡി.എമ്മിനെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഒരിക്കലും ഒഴിഞ്ഞ് മാറാനാവില്ല. വെട്ടിയും കുത്തിയും കൊല്ലുന്നവരുടെ പാർട്ടി മാത്രമല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി.

കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച കാലത്താണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.