കണ്ണൂര്‍: ചെരുപ്പ് വാങ്ങാനെന്ന വ്യാജേന കടയിലെത്തി പണം മോഷ്ടിച്ച് മുങ്ങി യുവാവും യുവതിയും. തലശ്ശേരിയിലെ ചെരുപ്പു കടയിലാണ് രണ്ടംഗ സംഘത്തിന്റെ ആസൂത്രിത മോഷണം നടന്നത്. ഇരുവരുടേയും പെരുമാറ്റത്തില്‍ സംശയം തോന്നിയ കടക്കാരന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. ചെരുപ്പ് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവും യുവതിയും കടയിലെ മേശവലിപ്പില്‍ നിന്ന് 5,000 രൂപയാണ് കവര്‍ന്നത്.

തലശ്ശേരി ലോഗന്‍സ് റോഡിലെ സെല്ല ഫാന്‍സി ഫൂട്ട് വെയര്‍ ഷോപ്പിലാണ് മോഷണം നടന്നത്. കട ഉടമയുടെ പരാതിയിന്മേല്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ചെരുപ്പ് ആവശ്യപ്പെട്ട് രണ്ട് പേര്‍ കടയിലേക്കെത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് ചെരുപ്പ് തിരഞ്ഞ് കടക്കാരന്റെ ശ്രദ്ധ തിരിച്ചു. കൂട്ടത്തിലെ യുവാവ് ബെല്‍റ്റ് നോക്കുന്നതായി നടിച്ച് കടയില്‍ പണം സൂക്ഷിച്ച മേശവലിപ്പിനരികിലേക്ക് നീങ്ങുകയും ഞൊടിയിടയില്‍ മേശവലിപ്പിലെ പണമെടുത്ത് കീശയിലാക്കി സ്ഥലം വിടുകയുംം ചെയ്തു.

ഇരുവരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ കടയുടമ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 5,000 രൂപയാണ് നഷ്ടപ്പെട്ടത്. നഗരത്തിലെ മറ്റൊരു കടയിലും സമാനമായ രീതിയില്‍ മോഷണം നടന്നിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.