തിരുവനന്തപുരം: 2025-06 അധ്യയന വര്‍ഷത്തിനുള്ള ഹയര്‍ സെക്കന്ററി (പ്ലസ് വണ്‍) പ്രവേശനത്തിനായി ഏകജാലക സംവിധാനത്തിലൂടെയുള്ള അഡ്മിഷന്‍ പ്രക്രിയയ്ക്ക് തുടക്കമായി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചതോടെ പുതുതായി പ്രഖ്യാപിച്ച ഷെഡ്യൂള്‍ അനുസരിച്ച്, ട്രയല്‍ അലോട്ട്‌മെന്റ് മേയ് 24ന് നടക്കും. തുടര്‍ന്നുള്ള ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 2ന്, രണ്ടാമത്തേത് ജൂണ്‍ 10ന്, മൂന്നാമത്തേത് ജൂണ്‍ 16ന് ആകും.

അലോട്ട്‌മെന്റ് ഘട്ടങ്ങള്‍ക്കുശേഷം, ജൂണ്‍ 18 മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. കഴിഞ്ഞവര്‍ഷം ക്ലാസുകള്‍ ആരംഭിച്ചത് ജൂണ്‍ 24 നായിരുന്നു. പ്രധാന അലോട്ട്‌മെന്റുകള്‍ക്കു ശേഷം ഒഴിവുള്ള സീറ്റുകള്‍ പൂര്‍ത്തിയാക്കുന്നതിനായി സപ്ലിമെന്ററി അലോട്ട്‌മെന്റുകളും നടത്തും. ഈ സപ്ലിമെന്ററി പ്രവേശന നടപടി ജൂലൈ 23ന് അവസാനിക്കും.

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറ് മോഡല്‍ റെസിഡെന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലേക്കുള്ള പ്രവേശനവും ഇത്തവണ മുതല്‍ ഏകജാലക സംവിധാനത്തിലൂടെ തന്നെ നടത്തും. ഇക്കാര്യത്തില്‍ പ്രത്യേകം അപേക്ഷ വേണ്ടിവരില്ല; സാധാരണ പ്രവേശന അപേക്ഷയിലൂടെയാണ് ഇവിടേക്ക് പ്രവേശനം നടക്കുന്നത്. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍ക്കുള്ള സംയുക്ത പ്രോസ്‌പെക്ടസ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.