പത്തനംതിട്ട: പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിയെ 11 വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയും ശിക്ഷിച്ച് അതിവേഗസ്പെഷ്യല്‍ കോടതി. ആനിക്കാട് വായ്പ്പൂര്‍ കുന്നം വേലി പുളിക്കല്‍ വീട്ടില്‍ കുട്ടനെന്ന സുകുമാര(76)നെയാണ് സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എ എസ് ഐ ഹസീന പങ്കാളിയായി.

2022 ജൂണ്‍ ആറിനും 2023 നവംബര്‍ രണ്ടിനുമിടയിലാണ് കുട്ടിക്കുനേരെ അതിക്രമം കാട്ടിയത്. വീട്ടിനുള്ളില്‍ വച്ചും സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകും വഴിയും പലതവണ ദേഹത്ത് കടന്നുപിടിച്ച് പ്രതി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കീഴ്വായ്പ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥനാണ് കേസെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടിയെ ഭീഷണിപ്പെടുത്തിയതിനു ഒരു വര്‍ഷവും പോക്സോ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് 10 വര്‍ഷവുമാണ് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കാനും വിധിച്ചു. തുകയടച്ചില്ലെങ്കില്‍ ആറു മാസം കഠിന തടവ് കൂടി അനുഭവിക്കണം.