കാസര്‍കോഡ്: പോക്സോ കേസില്‍, പ്രതിക്ക് അപൂര്‍വമായ കര്‍ശനമായ ശിക്ഷ വിധിച്ച് കോടതി. 7 വയസ്സുകാരിയെ ഗുരുതര ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ അബ്ദുള്‍ നൗഷാദ് എന്‍ എം (40)ന് 47 വര്‍ഷത്തെ കഠിന തടവും, 2,50,000 രൂപ പിഴയും, പിഴയടച്ചില്ലെങ്കില്‍ 10 മാസം അധിക ശിക്ഷയും കോടതി വിധിച്ചു.

ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുട്ടി വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ, അയല്‍വാസിയായ പ്രതി കുട്ടിയെ തട്ടിക്കൊണ്ട് സ്വന്തം ക്വാര്‍ട്ടേഴ്‌സിലേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് നടന്നത് ബാല്യത്തെയും മാനവികതയെയും തന്നെ മുറിവേല്‍പ്പിച്ച നീചമായ അതിക്രമമാണ് .

നിയമവ്യവസ്ഥകള്‍ പ്രകാരമുള്ള ശിക്ഷ: IPC363 (തട്ടിക്കൊണ്ടുപോകല്‍): വര്‍ഷം കഠിന തടവും 50,000 പിഴയും. പിഴയടച്ചില്ലെങ്കില്‍ 2 മാസം അധിക തടവ്.POCSO Sec 5(l) r/w 6 (പരിചയമുള്ള വ്യക്തിയാല്‍ ഗുരുതര ലൈംഗിക പീഡനം): 20വര്‍ഷം കഠിന തടവും 1,00,000 പിഴയും. പിഴയടച്ചില്ലെങ്കില്‍ 4 മാസം അധികം.POCSO Sec 5(m) r/w 6 (12 വയസ്സിന് താഴെയുള്ള കുട്ടിയെ പീഡിപ്പിക്കല്‍):

20 വര്‍ഷം കഠിന തടവും 1,00,000 പിഴയും. പിഴയടച്ചില്ലെങ്കില്‍ 4 മാസം അധികം. ശിക്ഷകള്‍ എല്ലാം ചേര്‍ത്താണ് ആകെ 47 വര്‍ഷം തടവിന് വിധേയനാകുന്നത്.

പ്രതി ഇതിനോടകം സമാനമായ മറ്റൊരു പോക്സോ കേസില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് എന്നതും കോടതി പരിഗണിച്ച പ്രധാനമായ സാഹചര്യങ്ങളിലൊന്നായി. ഇതുവഴി പ്രതിയ്ക്ക് മാനസികമായി മാറ്റം സംഭവിച്ചില്ല എന്നതും കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു. അന്നത്തെ ആദൂര്‍ ഇന്‍സ്പെക്ടര്‍ പ്രേം സദന്‍ കെ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനെ പ്രതിനിധീകരിച്ചത് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രിയ എ കെ.യാണ്.