കണ്ണൂര്‍: കൗണ്‍സിലിംഗിനെത്തിയ 17 വയസുകാരിയെ വീട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിട്ട. അധ്യാപകനായ മോട്ടീവേഷന്‍ സ്പീക്കര്‍ പോക്‌സോ കേസില്‍ റിമാന്‍ഡില്‍. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടില്‍ കെ.സി.ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

എച്ച്.എസ്. എസ് പ്രിന്‍സിപ്പലായി റിട്ട. ചെയ്ത ഷാജു ഹയര്‍ സെക്കന്‍ഡറി വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിങ്ങ് സ്റ്റേറ്റ് ഫാക്കല്‍റ്റിയായിരുന്നു. വിരമിച്ച ശേഷവും കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ബോധവത്കരണ ക്ലാസ്സുകളും കൗണ്‍സിലിംങും നടത്തിവരികയായിരുന്നു. 17 വയസുകാരിയുടെ രക്ഷിതാക്കളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് അതിജീവിതയുടെ മൊഴിയെടുത്തതിന് ശേഷം പൊലിസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

രണ്ടാഴ്ച്ച മുന്‍പ് മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസില്‍ അറസ്റ്റുചെയ്തിരുന്നു. ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശത്തോടെ, കരുതിക്കൂട്ടിത്തന്നെയാണ് ഫിലിപ്പ് മമ്പാട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയതെന്നും സമൂഹത്തില്‍ സ്വാധീനമുള്ള പ്രതി അതീവ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തത് എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് ഐഡി കാണിച്ചാണ് പ്രതി ഹോട്ടലില്‍ റൂം എടുത്തത്. മോട്ടിവേഷന്‍ പ്രോഗ്രാമിന് കൊണ്ടുപോകുന്നു എന്നാണ് അതിജീവിതയോട് പറഞ്ഞത്. അതിജീവിതയുടെ വീട്ടില്‍ പോയി ഫിലിപ്പ് മമ്പാടന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. ഇത്തരക്കാര്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് നിയമവ്യവസ്ഥയെ സമൂഹം സംശയത്തോടെ കാണാന്‍ ഇടയാക്കുമെന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ട് എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2025 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെയാണ് ഫിലിപ്പ് മമ്പാട് പീഡിപ്പിച്ചത്.കോഴിക്കോടിനടുത്തടുത്ത് നിന്നുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകളെ കൗണ്‍സിലിംഗിനായി രക്ഷിതാക്കള്‍ ഫിലിന് മമ്പാടിന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ നിലമ്പൂര്‍ പൊലീസാണ് കേസെടുത്തത്. പിന്നാലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഫിലിപ്പ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകള്‍ പങ്കുവച്ചിരുന്നു.