കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വെള്ളിയാഴ്ച്ച രാവിലെ വൈദ്യപരിശോധനക്കായി എത്തിച്ച പോക്‌സോ കേസ് പ്രതി പോലീസിന്റെ മുന്നില്‍ വെച്ച് ജില്ലാ ആശുപത്രി ട്രോമ കെയര്‍ യൂണിറ്റിന്റെ ക്യാബിന്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി പരമശിവമാണ് പട്ടാപകല്‍ പരാക്രമം നടത്തിയത്.

വളപട്ടണം പോലീസ് കസ്റ്റഡി നടപടിയുടെ ഭാഗമായി വൈദ്യ പരിശോധനക്ക് എത്തിച്ചതായിരുന്നു ഇയാളെ. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസറുടെ കാബിനിന്റെ ചില്ലാണ് അടിച്ചു തകര്‍ത്തത്. തലനാരിഴയ്ക്കാണ് മറ്റ് രോഗികളും ജീവനക്കാരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഇയാള്‍ വളപട്ടണം പോലീസ് സ്റ്റേഷനിലെ പോലീസ് ജീപ്പും അടിച്ചു തകര്‍ത്തിരുന്നു. ജില്ലാ ആശുപത്രിയില്‍ പരാക്രമം നടത്തിയാള്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസ്സ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ. ഷാജ് കണ്ണൂര്‍ സിറ്റി പോലീസില്‍ പരാതി നല്‍കി.

മദ്യലഹരിയില്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച തിനാണ് പോക്‌സോ കേസ് ചുമത്തി പൊലിസ് ഇയാളെ അറസ്റ്റുചെയ്തത്. ഇതിനു ശേഷം യുവാവ് സ്റ്റേഷന്‍ മുറ്റത്ത് നിര്‍ത്തിയിട്ട വാഹനം തകര്‍ത്തു. നിരവധി കേസിലെ പ്രതി കൊറ്റാളി ആയൂര്‍വേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന തമിഴ് നാട് സ്വദേശിയായ എം.പരമ ശിവത്തിനെയാണ് (30) വളപട്ടണം ഇന്‍സ്‌പെക്ടര്‍ പി.വിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

22 ന് രാത്രി 8.10 മണിക്കാണ് സംഭവം. കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരും പോലീസും ചേര്‍ന്ന് കീഴ്‌പ്പെടുത്തി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പ്രതിപോലീസ് സ്റ്റേഷന്‍ മുറ്റത്ത് നിര്‍ത്തിയിട്ട കെ എല്‍.01.ബി.ഡബ്ല്യു.5945 നമ്പര്‍ വാഹനത്തിന്റെ പിറക് വശത്തെ സൈഡ് ഗ്ലാസ് തലകൊണ്ട് അടിച്ചു പൊട്ടിച്ചതില്‍ 2000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പരമശിവ ത്തിന് മാനസികവിഭ്രാന്തിയുണ്ടോയെന്ന കാര്യം പോലിസ് പരിശോധിക്കുന്നുണ്ട്.