കോട്ടയം: നഗരമധ്യത്തില്‍ നടുറോഡില്‍ ബിയര്‍ ബോട്ടില്‍ എറിഞ്ഞുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍. ബിയര്‍ ബോട്ടില്‍ പൊട്ടിച്ചിതറി നടുറോഡില്‍ ചില്ല് നിറഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ പൊലീസും ഇടപെട്ടു. റോഡില്‍ ചില്ല് കുപ്പി പൊട്ടിച്ചിട്ട യുവാക്കളെ കൊണ്ട് റോഡ് മുഴുവന്‍ തൂത്ത് വൃത്തിയാക്കിച്ചു.

വെള്ളി രാത്രി 10.30 ഓടെയായിരുന്നു സംഭവം. കോട്ടയം കെഎസ്ആര്‍ടിസിയ്ക്കു സമീപത്താണ് രണ്ട് യുവാക്കള്‍ അക്രമ പ്രവര്‍ത്തനം നടത്തിയത്. റോഡിലൂടെ നടന്നുവന്ന ഇവര്‍ നടുറോഡില്‍ ബിയര്‍ ബോട്ടില്‍ എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് റോഡിലാകെ ചില്ല് ചിതറി. നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. ഇതോടെ സംഘത്തിലെ ഒരാള്‍ ഓടിരക്ഷപ്പെട്ടു. മറ്റേയാളെ നാട്ടുകാര്‍ചേര്‍ന്ന് പിടികൂടി.

അല്‍പ്പസമയത്തിനകം പൊലീസ് കണ്‍ട്രോള്‍ റൂം വാഹനം സ്ഥലത്തെത്തി. തുടര്‍ന്ന് റോഡില്‍ ചില്ല് അടിച്ചു പൊട്ടിച്ചിട്ട യുവാവിനെ കൊണ്ട് പൊലീസ് സമീപത്തെ കടയില്‍നിന്ന് ചൂല്‍ വാങ്ങിച്ച് റോഡ് അടിച്ചു വൃത്തിയാക്കിച്ചു. ഇതിന് ശേഷം ഇവരെ സ്റ്റേഷനില്‍ എത്തിച്ച് കേസും രജിസ്റ്റര്‍ചെയ്തു.