പാലക്കാട്: പാലക്കാട്-പൊള്ളാച്ചി റൂട്ടില്‍ പുതിയ ട്രെയിന്‍ (മെമു) അനുവദിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് പുതിയ ട്രെയിന്‍ അനുവദിച്ച വിവരം അറിയിച്ചത്. ദീര്‍ഘനാളത്തെ ആവശ്യത്തിനാണ് ഇപ്പോള്‍ അംഗീകാരമായിരിക്കുന്നത് എന്ന് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

പുതിയ ട്രെയിന്‍ അനുവദിച്ചത് സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായും അദ്ദേഹം അറിയിച്ചു. റെയില്‍വേ മന്ത്രിയുടെ ഔദ്യോഗിക കുറിപ്പും അദ്ദേഹം പങ്കുവെച്ചു. നിലവില്‍ പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് മൂന്ന് ട്രെയിനുകള്‍ മാത്രമാണ് ഉള്ളത്. പുതിയ ട്രെയിനിന്റെ സമയവും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

സുരേഷ് ഗോപിയുടെ കുറിപ്പ്:

പ്രിയപ്പെട്ടവരേ,

നമ്മുടെ പാലക്കാട് -പൊള്ളാച്ചി റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് വേണമെന്ന ദീര്‍ഘനാളത്തെ ആവശ്യത്തിന് ഇപ്പോള്‍ അംഗീകാരമായിരിക്കുകയാണ്. കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ജിയില്‍ നിന്നും ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ച വിവരം നിങ്ങളെ ഏറെ സന്തോഷത്തോടെ അറിയിക്കുന്നു.

യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഈ വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കുകയും വേഗത്തില്‍ നടപടി സ്വീകരിക്കുകയും ചെയ്ത കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ജിയോടുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ജനക്ഷേമത്തിനായി നമ്മള്‍ നടത്തിയ ഇടപെടലുകള്‍ ഫലം കാണുന്നതില്‍ അതിയായ സന്തോഷം. വികസനത്തിന്റെ പാതയില്‍ നമുക്ക് ഒരുമിച്ച് മുന്നേറാം.