- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രാനൈറ്റിൽ കരിപിടിക്കുമെന്ന് ആശങ്ക; തീ ചൂടേറ്റ് പൊട്ടാനും സാധ്യത; ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് 'പൊങ്കാല' ഇടാന്‍ അനുവദിക്കില്ല; തീരുമാനം അറിയിച്ച് ഭരണസമിതി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ഇത്തവണ പൊങ്കാലയിടാൻ അനുവാദമുണ്ടാകില്ലെന്ന് ക്ഷേത്രം ഭരണസമിതി അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 'സ്വദേശ് ദർശൻ' പദ്ധതിയുടെ ഭാഗമായി ക്ഷേത്രനടകളിലെ റോഡുകൾ നവീകരിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
ക്ഷേത്ര പരിസരത്തെ റോഡുകൾ മോടിപിടിപ്പിക്കുന്നതിനായി ഉയർന്ന ഗുണനിലവാരമുള്ള ഗ്രാനൈറ്റുകളാണ് പാകിയിട്ടുള്ളത്. ഇവ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കി. പുതുതായി പാകിയ കല്ലുകൾക്ക് മുകളിൽ അടുപ്പ് കൂട്ടി പൊങ്കാലയിടുമ്പോൾ കരിപിടിച്ച് അവയുടെ ശോഭ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ, തീയുടെ കഠിനമായ ചൂടേറ്റ് ഗ്രാനൈറ്റ് കല്ലുകൾ പൊട്ടിപ്പോകാനും സാധ്യതയുണ്ട്.
നവീകരണത്തിന്റെ ഭാഗമായി റോഡുകൾക്ക് താഴെയായി നിരവധി ഭൂഗർഭ കേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉപരിതലത്തിലെ തീയുടെ ചൂട് ഈ കേബിളുകൾക്ക് നാശം വരുത്താൻ ഇടയുണ്ട്.കേബിളുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് സുരക്ഷാ ഉപകരണങ്ങൾ പ്രവർത്തനരഹിതമാകാനും ഷോർട്ട് സർക്യൂട്ട് വഴി തീപിടുത്തം ഉണ്ടാകാനും കാരണമായേക്കാം.
സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായി നിർമ്മാണപ്രവർത്തനങ്ങൾ നടന്ന ക്ഷേത്രപരിസരത്തെ ഒരിടത്തും പൊങ്കാലയിടാൻ പാടുള്ളതല്ലെന്ന് ഭരണസമിതി കർശന നിർദ്ദേശം നൽകി. പൈതൃക ശൈലിയിൽ സംരക്ഷിച്ചിട്ടുള്ള ഈ ഭാഗങ്ങളിൽ കരിപിടിക്കുന്നതും നാശനഷ്ടങ്ങൾ സംഭവിക്കുന്നതും ഒഴിവാക്കാൻ ഭക്തർ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.


