തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പാലോട് രവിയെ മത്സരിപ്പിക്കരുതെന്ന് പോസ്റ്ററുകള്‍. വാമനപുരം മണ്ഡലത്തിലാണ് സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.വാമനപുരം ഉള്‍പ്പെടെ തിരുവനന്തപുരത്തെ പല മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥിയായി പാലോട് രവിയെ കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'കടല്‍ക്കിഴവന്മാരെ വേണ്ടേ വേണ്ട പാലോട് രവി വീട്ടിലിരിക്കട്ടെ, ജനഗണമംഗള രവിയെ നമ്മുടെ പെടലിയില്‍ വയ്ക്കരുത്, ഇത്തവണ കോണ്‍ഗ്രസിന് എംഎല്‍എയെ വേണമെന്ന് ആഗ്രഹമുണ്ട്, യുവത്വം നയിച്ചാല്‍ വിജയം ഉറപ്പ്, പണത്തിനും ഭീഷണിക്കും മുന്നില്‍ നേതൃത്വം മുട്ടുമടക്കരുത്', എന്നിങ്ങനെയാണ് പോസ്റ്ററുകളിലെ വാചകങ്ങള്‍.

മൂന്നാമതും ഇടതുസര്‍ക്കാര്‍ വരും കോണ്‍ഗ്രസ് എടുക്കാച്ചരക്കാകും എന്ന് പറഞ്ഞതിന്റെ പേരില്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട വ്യക്തിയാണ് പാലോട് രവി. മാത്രമല്ല, കോണ്‍ഗ്രസ് പരിപാടിക്കിടെ ദേശീയഗാനം തെറ്റിച്ച് പാടിയതും വലിയ വിവാദമായിരുന്നു. പാലോട് രവിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളിലെ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ടെന്നാണ് വിവരം.