കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ 'ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക്' എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. 'ഫോര്‍ സെയില്‍, സെക്കന്‍ഡ് ഹാന്‍ഡ്, കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, സ്ഥലം: പാലക്കാട്, വില: 000' എന്ന പോസ്റ്ററാണ് ഷെയര്‍ ചെയ്തത്. കര്‍മ എന്ന കുറിപ്പും ചേര്‍ത്തിട്ടുണ്ട്.

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആഞ്ഞടിച്ചിരുന്നു. അധികാരത്തിന്റെ അഹന്തയില്‍ പച്ച ജീവനെ കൊന്നുവെന്നായിരുന്നു അന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്നും ആരോപിച്ചിരുന്നു. ഈ വിമര്‍ശനത്തിനുള്ള കളിയാക്കല്‍ കൂടിയാണ് ദിവ്യയുടെ പോസ്റ്റ്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം വൈകിയപ്പോള്‍ ഇതിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. 'പ്രമുഖ പാര്‍ട്ടിക്ക് സിറ്റിങ് സീറ്റിലേക്ക് സ്ഥാനാര്‍ഥിയെ അന്വേഷിക്കുന്നു (ചിഹ്നം പ്രശ്‌നമല്ല )' എന്ന കുറിപ്പോടെ ഒഎല്‍എക്‌സിന്റെ ചിത്രമാണ് ഷെയര്‍ ചെയ്തത്. ഇതിനേയും കളിയാക്കുകായണ് ദിവ്യ.