മുട്ടം: തിരുമ്മുചികിത്സയുടെ മറവിൽ കിടപ്പുരോഗിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. കോതമംഗലം കവളങ്ങാട് കല്ലിങ്കൽ ഷിബു ആന്റണി(42)യെയാണ് തൊടുപുഴ അഡിഷണൽ സെഷൻസ് ജഡ്ജി ലൈജമോൾ ഷെരീഫ് ശിക്ഷിച്ചത്. 2013-ലാണ് ഈ ക്രൂരകൃത്യം നടന്നത്.

ശാന്തമ്പാറ സ്വദേശിനിയായ അതിജീവിത അരയ്ക്ക് താഴേക്ക് സ്വാധീനമില്ലാത്തയാളാണ്. നിർധന കുടുംബാംഗമായ ഇവരെ തിരുമ്മുചികിത്സയിലൂടെ സുഖപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് ഷിബു ആന്റണി അടുത്തുകൂടിയത്. അതിജീവിതയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു ഇയാൾ അവരെ ഉപദ്രവിച്ചത്.

യുവതി ഗർഭിണിയായപ്പോൾ വിവാഹം കഴിച്ച് സംരക്ഷിക്കാമെന്ന് ഷിബു ആന്റണി അതിജീവിതയെയും വീട്ടുകാരെയും വിശ്വസിപ്പിച്ചു. തുടർന്ന് യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചശേഷം പണവുമായി എത്താമെന്ന് പറഞ്ഞ് ഇയാൾ കടന്നുകളയുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ 2014 ഫെബ്രുവരി മൂന്നിന് അമ്മയെ കാണാനെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അതിജീവിതയുടെയും സാമൂഹ്യപ്രവർത്തകയായ അങ്കണവാടി ജീവനക്കാരിയുടെയും മൊഴികളാണ് കേസിൽ നിർണായകമായത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. അഭിലാഷാണ് അതിജീവിതയ്ക്കുവേണ്ടി കോടതിയിൽ ഹാജരായത്. ശാന്തൻപാറ എസ്എച്ച്ഒമാരായ ടി.എ. യൂനുസ്, സി.ആർ. പ്രമോദ് എന്നിവരാണ് കേസ് അന്വേഷിച്ചത്. അരയ്ക്ക് താഴേക്ക് സ്വാധീനമില്ലാത്ത, നിർധനയായ ഒരു സ്ത്രീക്ക് നേരെയുണ്ടായ ഈ അതിക്രമത്തിന് ലഭിച്ച ശിക്ഷ നീതിന്യായ വ്യവസ്ഥയുടെ ഗൗരവകരമായ ഇടപെടലിന്റെ തെളിവായി മാറുന്നു.