തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക് വനിതയെ നിയമിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. താല്‍ക്കാലിക ചുമതല നടന്‍ പ്രേം കുമാറിന് നല്‍കി. നിലവില്‍ അക്കാദമി വൈസ് ചെയര്‍മാനാണ് പ്രേംകുമാര്‍. രഞ്ജിത്ത് രാജിവച്ച ഒഴിവിലാണു പ്രേംകുമാറിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിക്കുന്നത്.

മുതിര്‍ന്ന സംവിധായകന്‍ ഷാജി എന്‍. കരുണിന്റെ പേര് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്കു പരിഗണിച്ചതായി വാര്‍ത്ത വന്നിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ താന്‍ പദവി ഏറ്റെടുക്കുമെന്ന് ഷാജി എന്‍ കരുണ്‍ പ്രതികരിച്ചിരുന്നു. അക്കാദമിയുടെ മുന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറും മുന്‍ വൈസ് ചെയര്‍മാനുമായ ബീന പോളിനെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്ന ആവശ്യം ഡബ്ല്യുസിസി ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണു പ്രേംകുമാറിന് അക്കാദമി ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നല്‍കി സര്‍ക്കാര്‍ തീര്‍പ്പുകല്‍പ്പിച്ചത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം, സിനിമ കോണ്‍ക്ലേവ്, ഐഎഫ്എഫ്‌കെ ഉള്‍പ്പെടെയുള്ള ദൗത്യങ്ങളാണ് പ്രേംകുമാറിനു മുന്നിലുള്ളത്. ഇതാദ്യമായാണ് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് സംവിധായകന്‍ അല്ലാത്ത ഒരാള്‍ വരുന്നത്.

രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല നല്‍കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്‍ സന്തോഷാണ് ഉത്തരവിറക്കിയത്. 2022 ല്‍ ബീനാ പോളിന് പകരമാണ് പ്രേംകുമാര്‍ വൈസ് ചെയര്‍മാന്‍ പദവിയിലെത്തിയത്.

1967 സെപ്റ്റംബര്‍ 12ന് തിരുവനന്തപുരത്ത് ജനിച്ച പ്രേംകുമാര്‍ മലയാള ചലച്ചിത്ര, ടെലിവിഷന്‍ സീരിയല്‍ രംഗത്തു സജീവമാണ്. മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. പി.എ. ബക്കര്‍ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിലൂടെയാണു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.