വയനാട്: പച്ചക്കറി ലോഡിൻ്റെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയ പ്രതി പിടിയിൽ. വിപണയിൽ അരക്കോടി രൂപയോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് പരിശോധനയിൽ എക്സൈസ് പിടിച്ചെടുത്തത്. മൈസൂരിൽ നിന്നും മലപ്പുറം മഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയിലാണ് എക്സൈസ് പരിശോധന നടത്തിയത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ എൻ.സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്.

KL-11-BT-2260 നമ്പറിലുള്ള ലോറിയിലാണ് പച്ചക്കറി ലോഡിൻ്റെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയത്. 180 ചാക്കുകളിലായി 2700kg ഹാൻസും, കൂടാതെ ഹാൻസ് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന 10 ബൻഡിൽ റാപ്പര്‍ റോള്‍, 60 ബണ്ടില്‍ പ്രിന്റഡ് പാക്കിങ് കവര്‍ എന്നിവയാണ് പിടിച്ചെടുത്തത്. പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ട് വന്ന ഷൗഹാൻ ഷർബാസിനേയും, കണ്ടെടുത്ത പുകയില ഉൽപ്പന്നങ്ങളും, വാഹനവും തുടർനടപടികൾക്കായി സുൽത്താൻ പോലീസിന് കൈമാറിയതായി മുത്തങ്ങ എക്സൈസ് അറിയിച്ചു. പ്രിവെൻ്റിവ് ഓഫീസർമാരായ സുരേന്ദ്രൻ എം കെ , വിജിത്ത് കെ ജി, സിവിൽ എക്സൈസ് ഓഫീസർ ചന്ദ്രൻ പി കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.