തിരുവനന്തപുരം: ജില്ലയിലെ അതിപ്രശസ്തമായ ബാലരാമപുരം തലയൽ ഋഷീശ്വരശിവക്ഷേത്രത്തിലെ മഹാദേവ പ്രതിമയും അനുബന്ധ കെട്ടിടവും റെയിൽവേ വികസനത്തിന്റെ പേരിൽ പൊളിച്ചു നീക്കാൻ ശ്രമം നടത്തുന്നതിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മഹാദേവ പ്രതിമയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ യോഗത്തിൽ കോവളം എംഎൽഎ അഡ്വ.എം വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുക്കുകയും ചെയ്തു.

ഭക്തജനങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിലാണ് പ്രതിഷേധയോഗം സംഘടിപ്പിച്ചത്. വലിയ മഹാദേവ പ്രതിമയും അനുബന്ധ കെട്ടിടവും ഏതൊരുവിധ കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ റെയിൽവേ അധികൃതർക്കെതിരെയും റവന്യു ഉദ്ദ്യോഗസ്ഥകർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം.

മഹാദേവ പ്രതിമ പൊളിച്ചു നീക്കുന്നതിരെ തലയൽ നിവാസികളും നാട്ടുകാരും ഒരുപോലെ ആശങ്കയിൽ ആയിരിക്കുകയാണ്. വിശ്വാസം വൃണപ്പെടുത്തുന്ന രീതിയിലുള്ള ഒരു വികസന പ്രവർത്തനങ്ങളും വേണ്ടെന്ന നിലപാടിലാണ് നാട്ടുകാർ. ഭഗവാന്റെ ഒരു പിടി മണ്ണ് ഞങ്ങൾ വിട്ടുകൊടുക്കില്ലെന്ന് ജനപ്രതിനിധികളും തുറന്നടിച്ചു. നീക്കത്തിന് പിന്നിൽ ചില ഗുഢശക്തികൾ ഉണ്ടെന്നും ആരോപണം ഉണ്ട്.