തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പ്രതിഷേധം കനക്കുന്നു. രഞ്ജിത്തിനെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ആര്‍.വൈ.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.തുടര്‍ന്ന് രഞ്ജിത്തിന്റെ കോലവും കത്തിച്ചു.

വിവിധ മേഖലകളിലെ പ്രമുഖര്‍ രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി.ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിയമനടപടി വേണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു.നടിയോട് മോശമായി പെരുമാറിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണം.രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ആരോപണ വിധേയര്‍ പിണറായി സര്‍ക്കാറിന്റെ പവര്‍ ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്നുവെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. മന്ത്രിയും എം എല്‍ എയും ചലച്ചിത്രക്കാദമി ചെയര്‍മാനുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പൂഴ്ത്തിയതെന്നും റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ വെട്ടി മാറ്റിയതിലുടക്കം ഇവര്‍ക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

രഞ്ജിത്തിനെതിരായ നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍ തലകുനിച്ച് കേള്‍ക്കുന്നുവെന്ന് സംവിധായകന്‍ ആഷിക് അബു പ്രതികരിച്ചു. ബംഗാളില്‍ നിന്നും വന്നൊരു സ്ത്രീ കേരളത്തില്‍ ഭയചികിതയായി ഒരു രാത്രി തളളി നീക്കേണ്ടി വന്നിരിക്കുന്നുവെന്നാണ് വെളിപ്പെടുത്തിയത്. നഗ്നമായ മനുഷ്യാവകാശ ലംഘനവും സ്ത്രീയോടുളള അക്രമവുമാണുണ്ടായത്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നിയമപരമായ നടപടി എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും ആഷിക് അബു ആവശ്യപ്പെട്ടു.
ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ഇപ്രകാരം

2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തുന്നത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും അവര്‍ പറഞ്ഞു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ അകലെ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചിരുന്നു. അകലെയിലെ അഭിനയം കണ്ടാണ് തന്നെ പാലേരി മാണിക്കത്തിലേക്ക് വിളിച്ചത്. ഓഡിഷന്‍ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകന്‍ രഞ്ജിത്തിനെ കണ്ടു. കൊച്ചിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

മലയാളം സിനിമ വളരെ ഇഷ്ടമുള്ള ആളായിരുന്നു. മമ്മൂട്ടിക്കൊപ്പമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്.അതില്‍ വളരെ സന്തോഷമുണ്ടായിരുന്നുവെന്നും ശ്രീലേഖ പറയുന്നു.വൈകിട്ട് അണിയറപ്രവര്‍ത്തകരുമായി ഒരു പാര്‍ട്ടി ഉണ്ടായിരുന്നു.പ്രൊഡ്യൂസറാണ് ക്ഷണിച്ചത്.ഞാനവിടെ ചെല്ലുമ്പോള്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു.ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാന്‍ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്‌കസ് ചെയ്യാനാണെന്നാണ് ഞാന്‍ കരുതിയത്. റൂമിലെത്തിയതും രഞ്ജിത്ത് കൈയില്‍ തൊട്ട് വളകളില്‍ പിടിച്ചു.അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി.പെട്ടന്ന് പ്രതികരിക്കാനായില്ല.

ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാന്‍ ഞെട്ടി. ഉടനെ തന്നെ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ലെന്നും ശ്രീലേഖ പറഞ്ഞു.