- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോദ്യക്കടലാസുകൾ ചോർന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്; റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയം; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട്: സ്കൂൾ പരീക്ഷകളുടെ ചോദ്യക്കടലാസുകൾ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം ചോർത്തുന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷമായി ഈ പ്രതിസന്ധി നിലനിന്നിരുന്നതായി ആരോപണം ശക്തമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽനിന്നു സർക്കാരിനു കത്തു നൽകി. ചോദ്യകടലാസുകൾ നേരത്തെ ലഭിക്കുന്നതിനാൽ കുട്ടികളുടെ പഠന നിലവാരത്തെ തന്നെ ബാധിക്കുന്നതായി അധ്യാപക സംഘടനകൾ അടക്കം ആരോപിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഗൗരവതരമായ ഇടപെടൽ ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് മനസ്സിലാകുന്നത്.
വിവരാവകാശ നിയമപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്. പല വിഷയങ്ങളുടെയും ചോദ്യ പേപ്പറുകൾ ഓൺലൈൻ വിദ്യാഭ്യാസ പോർട്ടലുകൾക്ക് ലഭിക്കുന്നതായാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിച്ചിരുന്നത്. പരീക്ഷ നടക്കുന്നതിനു തലേദിവസം ഓൺലൈൻ വിദ്യാഭ്യാസ ചാനലിലൂടെ ഒട്ടുമിക്ക ചോദ്യങ്ങളും ക്രമം തെറ്റാതെ പുറത്തായെന്നാണു പരാതിയിൽ പറയുന്നത്. ഇത്തരത്തിൽ നിരവധി ചാനലുകൾ ഓൺലൈനായി പ്രവർത്തിക്കുന്നു എന്നാണ് ആരോപണം. വരാനിരിക്കുന്ന പരീക്ഷകളുടെ ചോദ്യങ്ങൾ പ്രവചിക്കുമ്പോൾ അതിൽ ഒട്ടു മിക്ക ചോദ്യങ്ങളും ക്രമം പോലും തെറ്റാതെ ചോദ്യപേപ്പറുകളിൽ വരുന്നുണ്ടെങ്കിൽ അത് ചോദ്യപേപ്പറുകൾ ചോർന്നത് കൊണ്ട് മാത്രമാണെന്നാണ് അധ്യാപകർ ആരോപിക്കുന്നത്.
അതേസമയം. മലപ്പുറം ജില്ലയിൽ പത്താം ക്ലാസ്സിലെ കഴിഞ്ഞ പാദവാർഷിക പരീക്ഷയ്ക്കും ചോദ്യപേപ്പറുകൾ സോഷ്യൽ മീഡിയയിലൂടെ തലേന്ന് തന്നെ കുട്ടികൾക്ക് ലഭിച്ചിരുന്നു. ഇപ്രാവശ്യം രണ്ടാം പാദ വാർഷിക പരീക്ഷ നടക്കുമ്പോഴും ഇതേ അവസ്ഥ തന്നെ ഉണ്ടായിരുന്നു. ഇക്കാര്യം കഴിഞ്ഞ പാദവാർഷിക പരീക്ഷയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അടുത്ത ദിവസത്തെ പരീക്ഷയ്ക്കു വരുന്ന ചോദ്യങ്ങൾ പ്രവചിക്കുന്നു എന്ന പേരിലാണ് വിഡിയോ. പതിനായിരക്കണക്കിനു പേരാണ് ഈ വിഡിയോകൾ കണ്ടിരിക്കുന്നത്. ചോദ്യപേപ്പറുകൾ എങ്ങനെ ഓൺലൈൻ ചാനലുകൾക്ക് ലഭിച്ചു എന്നു അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി റിപ്പോർട്ട് പുറത്ത് വിട്ടത്.
ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യക്കടലാസുകൾ ഓൺലൈൻ സ്ഥാപനങ്ങൾക്കു ചോർത്തിക്കൊടുക്കുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളിൽ നിന്നല്ല ചോരുന്നത്. സൈബർ ക്രൈം ആകാനുള്ള സാധ്യത കൂടി പരിശോധിക്കണം. വിദ്യാഭ്യാസ ഓഫിസർമാർ നടത്തുന്ന അന്വേഷണങ്ങൾക്കു പരിമിതിയുണ്ട്. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ചിനെക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്തിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിരുന്നു.