കണ്ണൂര്‍: ബി.സി.എപരീക്ഷ ചോദ്യപ്പേപ്പര്‍ വിതരണത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഗ്രീന്‍വുഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ക്രമക്കേടില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രതിഷേധ മാര്‍ച്ച് നടത്തി..പ്രതിഷേധ മാര്‍ച്ചിനിടെ പൊലിസും കെ എസ് യു നേതാക്കളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. യൂനിവേഴ്‌സിറ്റി പ്രവേശന കവാടത്തിന്റെ ഗ്രില്‍സ് പിടിച്ചു കുലുക്കി അകത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലിസ് ബലപ്രയോഗത്തിലൂടെ നീക്കി. ഇതേ തുടര്‍ന്ന് പൊലിസും കെ എസ്.യു പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.

ബലപ്രയോഗത്തിലൂടെയാണ് കണ്ണൂര്‍ ടൗണ്‍എസ്.ഐ വി.വി ദീപ്തിയുടെ നേതൃത്വത്തില്‍ കെ.എസ്.യു പ്രവര്‍ത്തകരെ പൊലിസ് വാഹനത്തില്‍ കയറ്റിയത്. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകന്‍ .അര്‍ജുന്‍ കോറോം, കാവ്യ ദിവാകരന്‍, അഭിജിത്ത് മടത്തിക്കുളം, അനഘ രവീന്ദ്രന്‍,നഹീല്‍ ടി, തീര്‍ത്ഥ നാരായണന്‍, അര്‍ജുന്‍ ചാലാട്, വൈഷ്ണവ് കായലോട്, ചാള്‍സ് സണ്ണി, അബിന്‍ കെ,പ്രകീര്‍ത്ത് മുണ്ടേരി,ദേവനന്ദ കാടാച്ചിറ എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.

എല്ലാ സംവിധാനങ്ങളും ഒരുങ്ങുന്നത് വരെ പരീക്ഷ ചോദ്യപ്പേപ്പര്‍ കോളേജിലേക്ക് ഇ -മെയില്‍ ചെയ്ത് ക്യാമ്പസ്സില്‍ നിന്നും പ്രിന്റ് എടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് സുതാര്യത ഉറപ്പ് വരുത്തണമെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു. കെ എസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചും ധര്‍ണയുംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോപിനാഥ് രവീന്ദ്രന്‍ വൈസ് ചാന്‍സലറായിരുന്ന സമയത്ത് ആരംഭിച്ച ഈ രീതിയില്‍ കെ എസ് യു അന്ന് മുതലേ ആശങ്കകള്‍ അറിയിച്ചിരുന്നുവെന്നും ഏപ്രില്‍ 7 മുതല്‍ ആരംഭിച്ച നാലാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ ഗ്രീന്‍വുഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാസര്‍ഗോഡ് ഗവണ്മെന്റ് കോളേജിലേക്ക് സെന്റര്‍ അനുവദിച്ച യൂണിവേഴ്‌സിറ്റി നടപടി ഇത്തരം ക്രമക്കേടുകള്‍ വ്യാപകമായി നടക്കുന്നതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും കോളേജുകളില്‍ കൃത്യമായ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തുന്നത് വരെ മെയില്‍ ചെയ്ത് ചോദ്യപേപ്പര്‍ പ്രിന്റ് എടുപ്പിക്കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്നും എം.സി അതുല്‍ പറഞ്ഞു.കെ.എസ്.യു സമരത്തെ നേരിടുന്നതിനായി കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഏര്‍പ്പെടുത്തിയിരുന്നു.