തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എം.എല്‍.എ പി.പി. ചിത്തരഞ്ജനും ഭിന്നശേഷിക്കാരെയും ഉയരക്കുറവിനെയും പരിഹസിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ മന്ത്രി ആര്‍. ബിന്ദു നിലപാട് വ്യക്തമാക്കി. ഇത്തരം പ്രയോഗങ്ങള്‍ നടത്താന്‍ പാടില്ലെന്നും താന്‍ ഒരിക്കലും അത്തരം പ്രയോഗങ്ങള്‍ നടത്തിയിട്ടില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പി.പി. ചിത്തരഞ്ജനുമായി സംസാരിച്ചതായും, ഭിന്നശേഷിക്കാരെ അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായും മന്ത്രി അറിയിച്ചു. പരാമര്‍ശങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായെങ്കില്‍ പ്രയാസം രേഖപ്പെടുത്തിയും നിലപാട് വ്യക്തമാക്കിയും വാര്‍ത്താക്കുറിപ്പ് ഇറക്കാമെന്നും ചിത്തരഞ്ജന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയുടെ 'എട്ടുമുക്കാലട്ടി' എന്ന പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കാനായിരുന്നു അവരുടെ പ്രതികരണം.

അതേസമയം, പ്രതിപക്ഷ എം.എല്‍.എക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ഇന്ന് ന്യായീകരിക്കുകയാണുണ്ടായത്. 'എട്ടുമുക്കാലട്ടി' എന്നത് നാടന്‍ പ്രയോഗമാണെന്നും, കാറ്റുവന്നാല്‍ വീണുപോകുന്ന ആരോഗ്യമില്ലാത്ത ഒരാളെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഒരാള്‍ തള്ളുന്ന കാഴ്ച കണ്ടാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും, നജീബ് കാന്തപുരത്തെ ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നജീബ് കാന്തപുരത്തിന് ഉയരക്കുറവുണ്ടെങ്കിലും നല്ല ആരോഗ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.