കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുകയാണെങ്കില്‍ പുരുഷന്മാര്‍ക്കും സമാന ആനുകൂല്യം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യാത്ര എന്നത് എല്ലാവരുടെയും അവകാശമാണെന്നും ആരെയും അതില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നും രാഹുല്‍ ഈശ്വര്‍ കൊച്ചിയില്‍ പ്രതികരിച്ചു.

കാശുള്ള സ്ത്രീകള്‍ക്ക് പോലും സൗജന്യയാത്ര ലഭിക്കുമ്പോള്‍, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പുരുഷന്മാര്‍ക്ക് ഇത് നിഷേധിക്കപ്പെടുന്നത് അപകടകരമായ സ്ഥിതിവിശേഷമാണെന്ന് രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇത്തരമൊരു സൗജന്യ പദ്ധതിയുടെ ആവശ്യകത എത്രത്തോളമുണ്ടെന്ന കാര്യത്തിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സ്ത്രീകള്‍ക്ക് ആനുകൂല്യം നല്‍കുന്നത് മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും പ്രശംസ നേടാന്‍ സഹായിക്കുമെന്നും, എന്നാല്‍ നിരവധി പുരുഷന്മാര്‍ ഇത് കാരണം ബുദ്ധിമുട്ടുമെന്നത് യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമ്പത് വര്‍ഷം മുന്‍പ് പെണ്‍കുട്ടികള്‍ക്ക് പഠന സൗകര്യങ്ങള്‍ കുറവായിരുന്ന കാലത്ത് ഇത്തരം ആനുകൂല്യങ്ങള്‍ക്ക് പ്രസക്തിയുണ്ടായിരുന്നു. എന്നാല്‍, യാത്ര ചെയ്യേണ്ടതിന് അത്തരം വേര്‍തിരിവുകള്‍ കണക്കാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ലെഫ്റ്റ് ലിബറല്‍ രാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പഴയ തന്ത്രങ്ങളുടെയും ഭാഗമാണ് ഇത്തരം പ്രസ്താവനകളെന്നും രാഹുല്‍ ഈശ്വര്‍ വിമര്‍ശിച്ചു. മാസം 20,000 രൂപ വരുമാനമുള്ള ഒരു സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോള്‍, 10,000 രൂപ മാത്രം വരുമാനമുള്ള ഒരു പുരുഷന് ഈ ആനുകൂല്യം ലഭിക്കാത്തത് ശരിയാണോ എന്നും അദ്ദേഹം ചോദ്യം ചെയ്തു.

സൗജന്യങ്ങള്‍ നല്‍കുന്നതിന്റെ രാഷ്ട്രീയം ആംആദ്മി പാര്‍ട്ടി പോലുള്ളവര്‍ ഏറ്റവും കൂടുതല്‍ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്ലാ പൗരന്മാര്‍ക്കും യാത്രാവകാശം തുല്യമാണെന്ന നിലപാടാണ് രാഹുല്‍ ഈശ്വര്‍ തന്റെ പ്രസ്താവനയിലൂടെ മുന്നോട്ട് വെക്കുന്നത്.