ന്യൂഡല്‍ഹി: വയനാട്ടിലെ ടൂറിസം മേഖല പുനരുജ്ജീവിപ്പിക്കാന്‍ ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലും കുറിപ്പിലുമാണ് അദ്ദേഹം വയനാടിന്റെ ടൂറിസം മേഖലക്കായി സംസാരിച്ചത്. മഴ മാറിക്കഴിഞ്ഞാല്‍ വയനാട്ടിലെ വിനോദസഞ്ചാരം പുനരുജ്ജീവിപ്പിക്കാനും വിനോദസഞ്ചാരികളെ വയനാട്ടിലേക്കെത്താന്‍ പ്രേരിപ്പിക്കാനും കൂട്ടായ ശ്രമം നടത്തേണ്ടത് അത്യാവശ്യമാണെന്ന് രാഹുല്‍ ഗാന്ധി വ്യ്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ കുറിപ്പ് ഇങ്ങനെ:

ഉരുള്‍ ദുരന്തമുണ്ടാക്കിയ നാശനഷ്ടങ്ങളില്‍ നിന്ന് വയനാട് കരകയറുകയാണ്. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെങ്കിലും, എല്ലാ സമുദായങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള ആളുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒത്തുചേരുന്നത് സന്തോഷകരമാണ്.

വയനാട്ടിലെ ജനങ്ങള്‍ക്ക് ഏറെ സഹായകമാകുന്ന ഒരു സുപ്രധാന കാര്യമുണ്ട് -ടൂറിസം. മഴ മാറിക്കഴിഞ്ഞാല്‍, വയനാട്ടിലെ വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കാനും വിനോദസഞ്ചാരികളെ വയനാട്ടിലേക്കെത്താന്‍ പ്രേരിപ്പിക്കാനും കൂട്ടായ ശ്രമം നടത്തേണ്ടത് അത്യാവശ്യമാണ്.

വയനാട്ടിലെ ഒരു പ്രദേശത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്, വയനാട്ടില്‍ മുഴുവനായല്ല. ഇപ്പോഴും വയനാട് അതിമനോഹരമായ സ്ഥലം തന്നെയാണ്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ വയനാട് അതിന്റെ എല്ലാ പ്രകൃതി മനോഹാരിതയോടെയും സ്വാഗതം ചെയ്യാന്‍ ഉടന്‍ തയാറാകും. നേരത്തെ ചെയ്തതുപോലെ, മനോഹരമായ വയനാട്ടിലെ നമ്മുടെ സഹോദരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ നമുക്ക് ഒരിക്കല്‍ കൂടി ഒത്തുചേരാം.