ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രിംകോടതി. ജാമ്യം റദ്ദാക്കണമെന്ന അതിജീവതയുടെ ഹരജിയിലാണ് കോടതിയുടെ നടപടി. എന്നാല്‍ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിതക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രിംകോടതി ഒഴിവാക്കിയിട്ടുണ്ട്. വിധിയിലെ നാല് ഖണ്ഡികയാണ് ഒഴിവാക്കിയത്.

ബലാത്സംഗക്കേസില്‍ ഹൈക്കോടതി അനുവദിച്ചിരുന്ന മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആദ്യ പരാതിക്കാരിയുടെ ആവശ്യം. എന്നാല്‍, ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ നടന്നില്ല. ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടാന്‍ തങ്ങള്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷും ജസ്റ്റിസ് എന്‍.കെ. സിങ്ങുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമ്മതമില്ലായിരുന്നുവെങ്കില്‍ വിവാഹിതയായ പരാതിക്കാരി രാഹുല്‍ മാങ്കൂട്ടത്തിനെ തന്റെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തില്ലെന്നും അദ്ദേഹത്തിനൊപ്പം പാലക്കാട്ടേക്ക് പോകില്ലായിരുന്നുവെന്നും ഹൈക്കോടതി വിധിയില്‍ പരാമര്‍ശിച്ചിരുന്നു. ഇത് ഉള്‍പ്പടെയുള്ള ഹൈക്കോടതി വിധിയിലെ 17, 18, 20, 21 ഖണ്ഡികളാണ് സുപ്രിംകോടതി നീക്കിയത്.