പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗൃഹസന്ദര്‍ശനവുമായി സിപിഎം സംഘടനകള്‍. മണ്ഡലത്തിലെ വീടുകള്‍ കയറിയാണ് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രചരണം നടത്തുന്നത്. രാഹുല്‍ നടത്തിയ ഗുരുതര കുറ്റങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിയും, എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ക്യാമ്പയിന്‍.

പറക്കുന്നത്തെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇന്ന് പ്രചരണം നടത്തുന്നത്. 'ഇനിയും തുടരണോ ഈ കൊടുംക്രിമിനല്‍, പീഡന വീരനെ ഇനിയും സഹിക്കണോ, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുക' - തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രചരണം. വരും ദിവസങ്ങളില്‍ മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളെയും നേരിട്ട് കാണുമെന്നും, എംഎല്‍എ രാജി വയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു.

ലൈംഗിക പീഡന പരാതികളില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരം രാഹുലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിപിക്ക് ഇമെയിലിലും വിവിധ സ്റ്റേഷനുകളിലും ലഭിച്ച പരാതികളുടെ ഗൗരവ സ്വഭാവം കണക്കിലെടുത്താണ് കേസ്. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന സന്ദേശം അയച്ചു, ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തി, സ്ത്രീകളെ സമൂഹമാധ്യമങ്ങളില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി, സ്ത്രീകള്‍ക്ക് മാനസിക വേദനയുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.