തിരുവനന്തപുരം: എ.ഡി.ജി.പി അജിത് കുമാറിന്റെ മുമ്പില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം എത്ര ചെറുതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സുജിത് ദാസിനെ പോലുള്ള ഒരു ക്രിമിനലാണ് അജിത് കുമാര്‍ ക്രിമിനലാണെന്ന് പറയുന്നത്. കേരളത്തിലെ ആഭ്യന്തര വകുപ്പില്‍ ക്രിമിനലുകളുടെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനുള്ള കവചം കേന്ദ്രം നല്‍കുന്നുണ്ടെന്നും രാഹുല്‍ ആരോപിച്ചു.

തൃശൂര്‍ പൂരം കുളമാക്കി ബി.ജെ.പിക്ക് വഴിവെച്ച് കൊടുക്കാന്‍ കേരള പൊലീസ് സഹായിച്ചെന്നാണ് പറയുന്നത്. തൃശൂരും തിരുവനന്തപുരവും ബി.ജെ.പി ജയിക്കണമെന്നുള്ളത് മുഖ്യമന്ത്രിയുടെ താല്‍പര്യമാണ്. പ്രതിപക്ഷം ഇന്നലകളില്‍ ഉന്നയിക്കുകയും അന്ന് ഇവര്‍ പരിഹസിക്കുകയും ചെയ്ത ആരോപണങ്ങള്‍ ഓരോന്നായി മറനീക്കി പുറത്തുവരികയാണ്.

സംസ്ഥാന സര്‍ക്കാറിന്റെ യൂണിഫോമിട്ട കൊടി സുനിയാണ് എ.ഡി.ജി.പി അജിത് കുമാര്‍. അജിത് കുമാറിനെതിരെ കേസെടുക്കുകയാണ് വേണ്ടത്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തുന്നത് സംസ്ഥാന സര്‍ക്കാറിനെ സഹായിക്കാനാണ്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ സാക്ഷിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

എല്ലാവരുടെയും ഫോണുകള്‍ എ.ഡി.ജി.പി ചോര്‍ത്തുന്നുവെന്ന് പറയുന്ന അന്‍വര്‍, എ.ഡി.ജി.പിയുടെ ഫോണ്‍ താന്‍ ചോര്‍ത്തുന്നുവെന്നും പറയുന്നു. വലിയ അരാജകത്വത്തിലേക്കാണ് കേരളം പോകുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ശക്തമായ പ്രക്ഷോഭവുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും മുഴുവന്‍ എസ്.പി ഓഫീസിലേക്കും മാര്‍ച്ച് നടത്തുമെന്നും രാഹുല്‍ അറിയിച്ചു.