തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. മ്യാന്‍മാര്‍-ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍, വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനിടയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെയും അനുബന്ധ കാലാവസ്ഥാ ഘടകങ്ങളുടെയും സ്വാധീനഫലമായി അടുത്ത നാല് ദിവസം കേരളത്തില്‍ നേരിയ മുതല്‍ ഇടത്തരം വരെയുള്ള മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ചയ്ക്കുശേഷം മഴ കൂടുതല്‍ ശക്തമാകുമെന്നും പ്രവചനമുണ്ട്.

വടക്കന്‍ ആന്‍ഡമാനും മ്യാന്‍മാറിനും മുകളിലായി നിലവില്‍ ചക്രവാതചുഴി നിലകൊള്ളുന്നു. സെപ്റ്റംബര്‍ 22ഓടെ ഇത് വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കു നീങ്ങുമെന്നും തുടര്‍ന്ന് ന്യൂനമര്‍ദ്ദമായി രൂപപ്പെടാനിടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും, സമുദ്രത്തില്‍ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.