- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുധനാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്; ശക്തമായ കാറ്റിനും സാധ്യത; കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തെക്കുകിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്ന വടക്കന്‍ കേരള തീരപ്രദേശങ്ങള്‍ക്കും മുകളിലുള്ള ചക്രവാതച്ചുഴിയാണ് സംസ്ഥാനത്തെ കാലാവസ്ഥയെ ബാധിക്കുന്നത്. ബുധനാഴ്ച വരെ ഈ സാഹചര്യം നിലനില്‍ക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ മുന്‍കരുതലുകള്‍ ആവശ്യമാണ്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുമുണ്ട്.
ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കും ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകള്‍ക്കും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യം ''ശക്തമായ മഴ'' എന്ന നിലയിലാണ് പരിഗണിക്കുന്നത്. കാലാവസ്ഥാ വകുപ്പ് പൊതു ജനങ്ങളോട് ജാഗ്രത പാലിക്കാനും, അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.