കേരളത്തില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത അഞ്ച് ദിവസം വരെ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് പ്രവചനത്തിലാണ് പറയുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ട്.കേരളാ തീരത്ത് മീന്‍പിടുത്തത്തിന് വിലക്കുണ്ട്. തുടര്‍ച്ചയായി മഴ ലഭിക്കുന്ന മേഖലകളില്‍ വെള്ളപ്പൊക്ക, മണ്ണിടിച്ചില്‍,മലവെള്ളപ്പാച്ചില്‍ ജാഗ്രത പാലിക്കണം.

തെക്ക് കിഴക്കന്‍ അറബിക്കടലിലും സമീപ പ്രദേശങ്ങളിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതായി വകുപ്പ് അറിയിച്ചു. ഇത് അടുത്ത 36 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറാനാണ് സാധ്യത. അതേസമയം, മാന്നാര്‍ കടലിടുക്കിന് മുകളിലായി ചക്രവാതച്ചുഴിയും രൂപം കൊണ്ടിട്ടുണ്ട്. അതേസമയം, ഇടുക്കിയില്‍ ഒരാള്‍ മരിച്ചിട്ടുണ്ട്. മഴയില്‍ മണ്‍കൂനയിലേക്ക് ഇടിച്ച് കയറി ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. ഇടുക്കിയില്‍ മഴവെള്ളപാച്ചിലില്‍ കടകളിലേക്കും വീടുകളിലേക്കും വെള്ളവും കയറിയിട്ടുണ്ട്.

അതേസമയം, ഇടുക്കി ജില്ലയില്‍ തുടരുന്ന കനത്ത മഴ പ്രദേശവാസികള്‍ക്ക് വലിയ ദുരിതമായി. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളം കയറിയതോടെ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുമിളി, വണ്ടിപ്പെരിയാര്‍, തേക്കടി തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രഭാവം. ചില റോഡുകളില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അപകടനിലയിലേക്ക് ഉയര്‍ന്നു. തുടര്‍ന്ന് 13 സ്പില്‍വേ ഷട്ടറുകളും ഘട്ടംഘട്ടമായി തുറന്നുവിട്ട് വെള്ളം ഇടുക്കി സംഭരണിയിലേക്ക് വിട്ടു. ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തിയതോടെ സെക്കന്‍ഡില്‍ 7163 ഘനയടി വെള്ളം പെരിയാറിലൂടെ ഒഴുകുകയാണ്.

പദ്ധതി മേഖലയില്‍ എട്ടുമണിക്കൂറിലധികം കനത്ത മഴയാണ് പെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അണക്കെട്ട് പ്രദേശത്ത് 68 മില്ലീമീറ്ററും തേക്കടിയില്‍ 158.4 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. റൂള്‍ കര്‍വ് അനുസരിച്ച് തമിഴ്നാടിന് 137.75 അടി വരെ വെള്ളം സംഭരിക്കാനാണ് അനുവാദമുള്ളത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ ജലനിരപ്പ് 139 അടിയ്ക്ക് മുകളിലെത്തിയിരുന്നു.

കാലാവസ്ഥാ വകുപ്പ് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയും മണ്ണിടിച്ചിലും തുടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലപ്രദേശങ്ങളിലേക്കുള്ള യാത്രകളും രാത്രികാല ഗതാഗതവും പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

ശക്തമായ മഴയുടെ സാധ്യതയെ തുടര്‍ന്ന് പല ജില്ലകളിലും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

യെല്ലോ അലേര്‍ട്ട് ജില്ലകള്‍:

ഇന്ന്: മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട്

തിങ്കള്‍: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ചൊവ്വ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍

ബുധന്‍: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്

കാലാവസ്ഥാ വകുപ്പ് ജനങ്ങളെ ജാഗ്രത പാലിക്കാനും ആവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചു.