തിരുവനന്തപുരം: കേരളത്തില്‍ പതിനാല് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച രണ്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത. അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

ഇടിമിന്നലിന്റെ ഭാഗമായുള്ള ജാഗ്രതാ നിര്‍ദേശവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഒഴിവാക്കണം. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയവ നിര്‍ത്തി വച്ച് ഉടനെ കരയിലേക്ക് എത്താന്‍ ശ്രമിക്കണമെന്നും നിര്‍ദേശമുണ്ട്.

കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍.

മലപ്പുറം കരുവാരക്കുണ്ടില്‍ കനത്ത മഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചില്‍. ഒലിപ്പുഴ, കല്ലന്‍ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് വലിയ മലവെള്ളപ്പാച്ചിലുണ്ടാകുന്നത്. മലപ്പുറത്തിന്റെ മലയോര പ്രദേശമായ കരുവാരകുണ്ട് മേഖലയില്‍ ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് മണിക്കൂറായി ലഭിക്കുന്നത്. മലപ്പുറത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തീവ്രമഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ഓറഞ്ച് അലര്‍ട്ട്
11/08/2024: പാലക്കാട്, മലപ്പുറം
13/08/2024: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
14/08/2024: ഇടുക്കി, എറണാകുളം, മലപ്പുറം

മഞ്ഞ അലര്‍ട്ട്
11/08/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്
12/08/2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
13/08/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്
14/08/2024: കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട്
15/08/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
തെക്കന്‍ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ 11.08.2024 മുതല്‍ 15.08.2024 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. 11.08.2024 മുതല്‍ 15.08.2024 വരെ: തെക്കന്‍ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.