- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് മൂന്ന് ദിവസംകൂടി ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് തെക്കന്‍ ജില്ലകളിലും നാളെ വടക്കന്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്; തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം; മലയോര മേഖലയില്‍ ജാഗ്രത
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ വടക്കന്‍ ജില്ലകളില്‍ ശനിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുമാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ ഞായറഴ്ച മഞ്ഞ അലര്‍ട്ടാണ്. ഇന്ന് മുതല്‍ ഞായറാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലും ഗ്രാമീണ മേഖലയിലും വ്യാപക നാശനഷ്ടമുണ്ടായി. നഗരത്തില്‍ 14 ഇടങ്ങളില്‍ വെള്ളം കയറി . റോഡുകളും വീടുകളും വെള്ളത്തിലായി. വേളി പൊഴി മുറിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ആക്കുളം ഉള്ളൂര്‍ റോഡില്‍ വെള്ളം കയറി. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ തുറന്നു. ഇടുക്കിയിലും പത്തനംതിട്ടയിലും കനത്ത മഴയില്‍ നാശനഷ്ടമുണ്ടായി. തിരുവനന്തപുരം നഗരത്തില്‍ തമ്പാനൂര്‍, കിഴക്കേക്കോട്ട, ബേക്കറി ജംഗ്ഷന് എന്നിവയടക്കം പല സ്ഥലങ്ങളിലും വെളളക്കെട്ടുണ്ടായി. സ്മാര്‍ട് സിറ്റി പദ്ധതിയില്‍ റോഡുകള്‍ പുനര്‍ നിര്‍മിച്ചെങ്കിലും കനത്ത മഴയില്‍ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥിതിക്ക് മാറ്റമുണ്ടായില്ല. പലയിടത്തും കച്ചവടസ്ഥാപനങ്ങള്‍ തുറക്കാന് കഴിയാത്ത അവസ്ഥയായിരുന്നു. ആക്കുളം -ഉള്ളൂര്‍ റോഡിലും വെളളക്കെട്ട് രൂപപ്പെട്ടതോടെ വാഹനങ്ങള്‍ കുടുങ്ങി. വേളി പൊഴി മുറിക്കാന്‍ വൈകിയതാണ് കാരണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ വിമര്‍ശിച്ചു.കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
കരമന മേലാറന്നൂരില്‍ വീടുകളില്‍ വെള്ളം കയറി. വീടില്‍ കുടുങ്ങിയവരെപൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് പുറത്തെത്തിച്ചു. കാട്ടാക്കടയില്‍ അഞ്ചു വീടുകള്‍ വെള്ളത്തിലായി. അഞ്ചു തെങ്ങിന്‍ മൂട്, കുളത്തുമ്മല്‍ തോടിനു സമീപത്തെ വീടുകളിലാണ് വെള്ളം കയറിയത്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇവിടുത്തെ കലുങ്ക് അടച്ചാണ് കാരണം. നെയ്യാറ്റിന്‍കര അരുവിയോട് പാലത്തിന്റെ ബണ്ഡ് തകര്‍ന്നു പാലം അപകടാവസ്ഥയിലായി.വിളപ്പില്‍ ക്ഷേത്രത്തിന് സമീപം എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വയോജനപാര്‍ക്കിന്റെ ഭിത്തി തകര്‍ന്നു. മറ്റന്നാള്‍ ഉദ്ഘാടനം ചെയ്യാനിരുന്നതാണ് 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പാര്‍ക്ക്.പൊന്‍മുടി അടക്കം ജില്ലയിലെ പ്രധാന വിനോദ സഞ്ചാരങ്ങള്‍ അടച്ചു. വാമനപുരം നദിയില്‍ നീരൊഴുക്ക് ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി നെടുങ്കണ്ടം എഴുകുംവയലില്‍ കൃഷി ഭൂമി ഒലിച്ചുപോയി. കുരുമുളക്,ഏലം, കാപ്പി തുടങ്ങിയ വിളകള്‍ നശിച്ചു. പാമ്പ്‌ല അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 30 സെന്റി മീറ്റര്‍ ഉയര്‍ത്തി. പത്തനംതിട്ടയില്‍ ഇലന്തൂരില്‍ വീടിന്റെ മതിലിടിഞ്ഞ് സംസ്ഥാന പാതയിലേക്ക് വീണു. തലയിറയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. മലയോര മേഖലയില്‍ ഉള്‍പ്പെടെ ജാഗ്രത തുടരുകയാണ്.
കേരളാ തീരത്ത് 40 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. നാളെ വടക്കന്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെ യെല്ലോ അലര്‍ട്ടാണ്. വടക്ക് പടിഞ്ഞാറന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. അടുത്ത മണിക്കൂറിനുള്ളില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി മാറും. നാളെയോടെ തെക്കന്‍ ഒഡീഷ - വടക്കന്‍ ആന്ധ്രാ തീരത്ത് ഈ തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളില്‍ കാലവര്‍ഷം കനക്കുന്നത്. അടുത്ത ദിവസങ്ങളിലും പരക്കെ മഴ സാധ്യതയുണ്ട്.