തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുന മര്‍ദ്ദ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ ഒരാഴ്ചക്കാലത്തേക്ക് മഴ സജീവമായി തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീരദേശ വടക്കന്‍ ആന്ധ്രാപ്രദേശിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതാണ് കേരളത്തിലെ മഴ സാധ്യത സജീവമാക്കുന്നത്.

അടുത്ത ഏഴു ദിവസം സംസ്ഥാന വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 8 ന് ശക്തമായ മഴക്ക് സാധ്യതയെന്നുമാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സെപ്റ്റംബര്‍ 8 ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമര്‍ദ്ദം സംബന്ധിച്ച് അറിയിപ്പ്

തീരദേശ വടക്കന്‍ ആന്ധ്രാപ്രദേശിന് മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. സെപ്റ്റംബര്‍ 5 ന് ഇത് മധ്യ പടിഞ്ഞാറന്‍ / വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. രാജസ്ഥാന് മുകളില്‍ സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തിന് സമീപം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് സാധ്യത.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 8 ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു. അതേസമയം കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.