- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപി ജയരാജനെതിരെ ഉയർന്നത് ഗുരുതര ആരോപണം; പാർട്ടി സെക്രട്ടറിയുടെ മൗനം ദുരൂഹത വർദ്ധിപ്പിക്കുന്നു; ഇപിക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ഉയർന്ന ആരോപണം അതീവ ഗൗരവതരമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇ പി ജയരാജൻ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഈ ആരോപണത്തിൽ നിന്ന് വ്യക്തമാവുന്നത്. പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് അതിന്റെ ഗൗരവം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതാണ്. പാർട്ടി നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുമ്പോൾ പാർട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി അംഗീകരിക്കില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ആരോപണം ഉയർന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പാർട്ടി സെക്രട്ടറി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ചെന്നിത്തല വിമർശിച്ചു. നാഴികയ്ക്ക് നാൽപ്പത് വട്ടം മാധ്യമങ്ങളെ കാണുന്ന ഗോവിന്ദന്റെ മൗനം ദുരൂഹത വർദ്ധിപ്പിക്കുന്നു.
സിപിഐഎം പാർട്ടിയെ ഇന്ന് അടിമുടി ജീർണ്ണത ബാധിച്ചിരിക്കുന്നു. അഴിമതിയും കെടുകാര്യസ്തതയും അതിന്റെ മൂർദ്ധന്യത്തിലെത്തി നിൽക്കുകയാണ്. മുഖ്യമന്ത്രിയും ഓഫീസും സ്വർണ്ണക്കടത്ത് കേസിൽ സംശയത്തിന്റെ നിഴലിലായ ശേഷം അഴിമതിക്കെതിരായ നടപടികൾ വെറും ജലരേഖയായി മാറി.
ഒന്നാം പിണറായി സർക്കാരിൽ രണ്ടാം സ്ഥാനക്കാരനായിരുന്ന ഇപി ജയരാജനെതിരായി ഉയർന്ന ആരോപണം റിസോർട്ട് കാര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. ഇക്കാര്യത്തിൽ ഒരു സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഇ പി ജയരാജനെതിരായ പി ജയരാജന്റെ ആരോപണമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ആരോപണങ്ങൾക്ക് പിന്നാലെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നുൾപ്പെടെ ഒഴിയുമെന്ന് ഇ പി ജയരാജൻ സന്നദ്ധത അറിയിച്ചിരുന്നു. മുതിർന്ന നേതാക്കളെ കണ്ട് ഇക്കാര്യം അറിയിച്ചെന്നാണ് വിവരം. കണ്ണൂർ ആയുർവേദ മെഡിക്കൽ കെയർ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജൻ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു പി ജയരാജന്റെ ആരോപണം. വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടിക്ക് അകത്ത് നടന്ന ചർച്ചകൾ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്നായിരുന്നു പി ജയരാൻ പ്രതികരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ