- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു; ഭീഷണിയിൽ മനംനൊന്ത് പെൺകുട്ടി ചികിത്സയിൽ; ആലപ്പാടുകാരൻ കൊച്ചു ബോസിന് 23 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി

കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും പിഴയും. ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന് വിളിക്കുന്ന നിഥിനെയാണ് (28) കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 1.10 ലക്ഷം രൂപയാണ് പിഴ. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് ജഡ്ജി രാജീവൻ വാച്ചൽ വിധിച്ചു.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ആലപ്പാട്ടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. അതിക്രമത്തിന് പിന്നാലെ പ്രതി നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് മാനസികനില തകരാറിലായ അതിജീവത ഒന്നര മാസത്തോളം ജില്ലാ ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കരുനാഗപ്പള്ളി പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന സുജാതൻ പിള്ള രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ വി. ബിജുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ 28 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി. പ്രേംചന്ദ്രൻ ഹാജരായി.


