കോഴിക്കോട്: 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ കോഴിക്കോട് പോലീസ് പിടികൂടിയത് രഹസ്യ വിവരത്തെ തുടർന്ന്. മക്കട കക്കടവത്ത് റോഡിൽ പുളിയുള്ളതിൽ താഴത്ത് താമസിക്കുന്ന ജനാർദ്ദനൻ (42) ആണ് എലത്തൂർ പോലീസിന്റെ പിടിയിലായത്. 2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ജയിലിലായിരുന്ന പ്രതി കോടതിയിൽ നിന്ന് ജാമ്യം നേടിയ ശേഷം ഒളിവിൽ കഴിയുകയായിരുന്നു. വിനയചന്ദ്രൻ എന്ന വ്യാജ പേരിൽ തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും മാറി മാറി താമസിച്ച പ്രതിയെ കണ്ടെത്താൻ പോലീസ് ഊർജിത ശ്രമം നടത്തിവരികയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് എലത്തൂർ പോലീസ് ഇൻസ്‌പെക്ടർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിലെ ഊട്ടി കോത്തഗിരി ഡാനിംഗ്ടൺ എന്ന സ്ഥലത്ത് നിന്ന് ജനാർദ്ദനനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയെ കോഴിക്കോട്ടെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കേസിൽ തുടർ നടപടികൾ പുരോഗമിച്ചു വരികയാണ്. എലത്തൂർ പോലീസ് ഇൻസ്‌പെക്ടർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ. ഹരീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രൂപേഷ്, പ്രശാന്ത്, സിവിൽ പോലീസ് ഓഫീസർ മധുസൂദനൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും.