കോട്ടയം: പാലായിൽ ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ ഹോം നഴ്‌സ് യുവതിയെ മയക്കിയ ശേഷം പീഡിപ്പിച്ചതായി പരാതി. പാലാ സ്വദേശിനിയായ വ്യാപാരസ്ഥാപന ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഴ്‌സിനു പുറമെ ഭർത്താവിന്റെ സുഹൃത്തും തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു.

2024 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ താമസിച്ചു ഭർതൃപിതാവിനെ പരിചരിക്കാനാണ് മെയിൽ നഴ്‌സ് എത്തിയത്. പകൽ സമയം ഭർത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന നേരത്ത്, നഴ്‌സ് ജൂസിൽ മയക്കുമരുന്ന് കലർത്തി യുവതിക്കും ഭർതൃപിതാവിനും നൽകുകയായിരുന്നു. ജൂസ് കുടിച്ചു അബോധാവസ്ഥയിലായ യുവതിയെ ഇയാൾ പീഡിപ്പിച്ചു എന്നാണ് പരാതി.

സംഭവത്തിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ക്രൂരമായ പീഡനത്തെത്തുടർന്ന് യുവതി മാനസികമായി ഏറെ തളർന്നിരുന്നു. മാസങ്ങൾ നീണ്ട ആഘാതത്തിൽ നിന്നും മുക്തയായ ശേഷമാണ് ഇപ്പോൾ പോലീസിൽ പരാതി നൽകാൻ തയ്യാറായത്. നഴ്‌സിന് പുറമെ ഭർത്താവിന്റെ സുഹൃത്തായ മറ്റൊരാളും തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി യുവതി മൊഴി നൽകിയിട്ടുണ്ട്.

പാലാ ഡിവൈഎസ്പി കെ. സദന്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. പ്രതികൾ നിലവിൽ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.