- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് പരിപാടി അവതരിപ്പിക്കാം; പീഡന കേസില്‍ കുടുങ്ങിയ വേടന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി
പീഡന കേസില്‍ കുടുങ്ങിയ വേടന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി
കൊച്ചി: റാപ്പര്‍ വേടന് ജാമ്യ വ്യവസ്ഥയില്‍ വീണ്ടും ഇളവ് നല്‍കി ഹൈകോടതി. രാജ്യം വിട്ടുപോകരുതെന്ന മുന്‍കൂര്‍ ജാമ്യത്തിലെ വ്യവസ്ഥ ഹൈകോടതി റദ്ദാക്കി. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയിലാണ് ഇളവ്. വിദേശത്ത് സംഗീതപരിപാടി അവതരിപ്പിക്കുന്നതിനായാണ് വേടന്‍ ജാമ്യ ഇളവ് തേടി ഹൈകോടതിയെ സമീപിച്ചത്. അഞ്ച് വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ അനുമതി തേടിയാണ് വേടന്‍ കോടതിയെ സമീപിച്ചത്.
കേസിന്റെ അന്വേഷണവുമായി സഹകരിച്ചുപോകുന്ന പശ്ചാത്തലത്തില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന ആവശ്യമാണ് ഹൈകോടതി അംഗീകരിച്ചിരിക്കുന്നത്. അപമര്യാദയോടെയുള്ള പെരുമാറ്റം, സ്ത്രീത്വത്തെ അപമാനിച്ചു എന്നതുള്‍പ്പെടെയുള്ള കേസില്‍ ജില്ലാ കോടതി നല്‍കിയ ജാമ്യവ്യവസ്ഥകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈകോടതിയെ വേടന്‍ നേരത്തേ സമീപിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, വിദേശയാത്രകള്‍ ഒഴിവാക്കണം എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ട് വ്യവസ്ഥകളില്‍ ഇളവ് ചെയ്യണമെന്ന ആവശ്യമായിരുന്നു വേടന്‍ ഉന്നയിച്ചത്. ജര്‍മനി, ഫ്രാന്‍സ്, സൗദി അറേബ്യ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും വേടന്‍ അറിയിച്ചു.
നേരത്തെ, ഗവേഷക വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസില്‍ വേടന്റെ മുന്‍കൂര്‍ ജാമ്യവ്യവസ്ഥയില്‍ ഹൈകോടതി ഇളവ് നല്‍കിയിരുന്നു. കേരളം വിടരുതെന്ന വ്യവസ്ഥയാണ് അന്ന് ഹൈകോടതി റദ്ദാക്കിയിരുന്നത്.
വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്നതാണ് വേടനെതിരായ ബലാത്സംഗക്കേസ്. യുവ ഡോക്ടറുടെ പരാതിയില്‍ വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യ പരിശോധനക്ക് ശേഷം വിട്ടയക്കുകയായിരുന്നു.




