പത്തനംതിട്ട: ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനത്തിന് എത്തുമെന്ന് സൂചന. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയ സന്ദര്‍ശനം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ശബരിമല ദര്‍ശനത്തിന് രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കാന്‍ കേരള പോലീസിന് നിര്‍ദേശം ലഭിച്ചു.

18,19 തീയതികളില്‍ രാഷ്ട്രപതി കേരളം സന്ദര്‍ശിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചിട്ടുള്ളത്. 19 നാകും ശബരിമലയില്‍ എത്തുക. നിലയ്ക്കലില്‍ ഹെലികോപ്ടറില്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്കും അവിടെ നിന്ന് ശബരിമലയിലേക്കും പോകും. നേരത്തേ രാഷ്ട്രപതി എത്തുമെന്ന പ്രതീക്ഷയില്‍ പോലീസും ഇന്റലിജന്‍സും സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാക്കിയിരുന്നു. 19 ന് രാഷ്ട്രപതി എത്തുമെന്നതിന്റെ സൂചനയായി ശബരിമലയിലെ വിര്‍ച്വല്‍ ക്യൂ നിര്‍ത്തി വച്ചിരുന്നു.

ഇതിനിടെ പാകിസ്ഥാനുമായി ഉണ്ടായ അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വഷളായ സാഹചര്യത്തിലാണ് സന്ദര്‍ശനം റദ്ദാക്കുന്നുവെന്ന അറിയിപ്പ് വന്നത്. അന്നും രാഷ്ട്രപതിയുടെ സന്ദര്‍ശനം ഉറപ്പാക്കിയിരുന്നില്ലെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

നിലവില്‍ ഇരുരാജ്യങ്ങളും വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ കേരളാ സന്ദര്‍ശനം ഉണ്ടാകുമെന്ന അറിയിപ്പ് വീണ്ടും വന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പോലീസ് ഒരുക്കം തുടങ്ങി.