- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതകൾ പിന്തുടർന്നെത്തുന്നു, വീടുകൾ മാറേണ്ട ഗതികേടിൽ രത്നാകരൻ; ആദ്യം ദേശീയപാതയോരത്തെ വീടും സ്ഥലവും സർക്കാർ ഏറ്റെടുത്തു; ലഭിച്ച നഷ്ടപരിഹാരം കൊണ്ട് മറ്റൊരുസ്ഥലം വാങ്ങി വീടുവെച്ചപ്പോൾ അടുത്തത് ജലപാതയും
കാഞ്ഞങ്ങാട്: പാതകൾ പിന്തുടർന്നെത്തുമ്പോൾ വീടുകൾ മാറേണ്ട ഗതികേടിലാണ് കാഞ്ഞങ്ങാട് തോയമ്മൽ സ്വദേശി രത്നാകരൻ. ദേശീയപാതയോരത്തെ വീടും സ്ഥലവും സർക്കാർ ഏറ്റെടുത്തപ്പോൾ കിട്ടിയ പണംകൊണ്ട് മറ്റൊരുസ്ഥലം വാങ്ങി വീടുവെച്ചു. എന്നാൽ അവിടെയും പണി പിന്നാലെ എത്തുകയാണ്. ജലപാത വരുന്നത് പുതുതായി എടുത്ത വീടിനോടു ചേർന്ന്. ശരിക്കും ഇടിവെട്ടിയവനെ പാമ്പു കടിച്ച അവസ്ഥയിലാണ് രത്നാകരന്റെ അവസ്ഥ.
ഈ സ്ഥലവും വീടുമുൾപ്പെടുന്ന സർവേ നമ്പർ ഉൾനാടൻ ജലഗതാഗതവകുപ്പ് പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെട്ടതോടെ രത്നാകരനും കുടുംബവും പ്രതിസന്ധിയിലായി. പുതിയകോട്ടയിൽ തേയിലവ്യാപാരം നടത്തുന്ന ഇദ്ദേഹം രണ്ടുപതിറ്റാണ്ടിലധികം ഖത്തറിൽ ജോലി ചെയ്തുണ്ടാക്കിയതെല്ലാം ചേർത്തു വച്ചാണ് ജില്ലാ ആശുപത്രിക്കു താഴെ ദേശീയപാതയോരത്ത് 32 സെന്റ് വാങ്ങി 'അശ്വതി'യെന്ന വീടുവെച്ചത്. മൂന്നുപതിറ്റാണ്ടോളം താമസിച്ചു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഈ സ്ഥലവും വീടും പോയി.
''നഷ്ടപരിഹാരമായി കിട്ടിയ പണംകൊണ്ട് 350 മീറ്റർ പടിഞ്ഞാറുമാറി കാരാട്ടുവയലിനോട് ചേർന്ന് 20 സെന്റ് വാങ്ങി പുതിയ വീടുവെച്ചു. ഇരുനിലവീടിന്റെ പണിയെല്ലാം പൂർത്തിയായി. താമസിക്കാനുള്ള മുന്നൊരുക്കം നടത്തുന്നതിനിടയിലാണ് ഇടിത്തീപോലെ ആ വിവരമെത്തിയത്. വീടിന്റെ 353/10 എന്ന സർവേ നമ്പറും ജലപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയിലുൾപ്പെടുമെന്നുകേട്ടതോടെ നെഞ്ചുപിടയ്ക്കുന്നു''. എഴുപത്തഞ്ചുകാരനായ രത്നാകരന്റെ ഭാര്യ അനിതയ്ക്ക് ഇടതുകാലിന് ശസ്ത്രക്രിയ കഴിഞ്ഞതിനാൽ വയ്യാത്ത അവസ്ഥയിലാണ്.
ദേശീയപാതയോരത്തെ സ്ഥലത്തിന്റെ നഷ്ടപരിഹാരം കിട്ടുന്നതിനായി ഒരുപാട് അലഞ്ഞു. പുതിയ വീടെടുക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷത്തിലേറെയായി. അതു മറ്റൊരു അലച്ചിൽ. വീടുപണി അന്തിമഘട്ടത്തിലെത്തി. പണം കിട്ടുമായിരിക്കും. പക്ഷേ, ഇനിയൊരു വീട് എടുക്കുകയെന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലുമാകുന്നില്ലെന്ന് രത്നാകരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ