കൊച്ചി: പാലേരിമാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തനിക്ക് നേരേ സംവിധായകന്‍ രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ബംഗാളി നടിയുടെ മൊഴി രേഖപ്പെടുത്തി. ഓണ്‍ലൈനായാണ് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തത്.

വിശദമൊഴിയെടുക്കാനും തുടര്‍നടപടികള്‍ക്കുമായി അന്വേഷണസംഘം ബംഗാളിലേക്ക് പോകും. രഹസ്യമൊഴി നല്‍കുന്ന കാര്യത്തില്‍ തീരുമാനം പിന്നീടറിയിക്കാമെന്ന് നടി പൊലീസിനോട് വ്യക്തമാക്കിയതായാണ് വിവരം.

തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് നടി സിറ്റി പൊലീസ് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. 2009ല്‍ സിനിമയുടെ ചര്‍ച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

അതിനുപിന്നാലെ സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ് രംഗത്ത്. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012ല്‍ ബാംഗ്ലൂരില്‍ വെച്ച് സംവിധായകന്‍ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍.