കോഴിക്കോട്: പാലേരി മാണിക്യം സിനിമയുടെ ഷൂട്ടിംഗിന് മുന്നോടിയായി തനിക്കുണ്ടായ മോശം അനുഭവം ബംഗാളി നടി ശ്രീലേഖ മിത്ര തുറന്നടിച്ചതോടെ, സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെ സംരക്ഷിക്കാനാവാത്ത വിധം സര്‍ക്കാരിന് സമ്മര്‍ദ്ദമേറി. നാനാഭാഗത്തു നിന്നും മുറവിളി ഉയര്‍ന്നതോടെ, രഞ്ജിത് അക്കാദമി സ്ഥാനം രാജി വയ്ക്കുമെന്നാണ് സൂചന.

ഔദ്യോഗിക വാഹനത്തിലെ ബോര്‍ഡ് ഊരിമാറ്റിയാണ് വയനാട്ടില്‍നിന്നും കോഴിക്കോട്ടെ വസതിയിലേക്ക് രഞ്ജിത്ത് ഇന്നു മടങ്ങിയത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് രഞ്ജിത്ത് റിസോര്‍ട്ടിലെത്തിയത്. റിസോര്‍ട്ടിലെത്തിയ മാധ്യമങ്ങളോട് രഞ്ജിത്ത് പ്രതികരിക്കുന്നില്ലെന്നാണ് പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് ഉണ്ടായതിന് പിന്നാലെ രഞ്ജിത്ത് അവിടെ നിന്ന് പോയെന്നാണ് വിവരം ലഭിച്ചത്. അതിനിടെ, കേരള ചലച്ചിത്ര അക്കാദമി എന്ന ബോര്‍ഡ് അഴിച്ചുമാറ്റി വാഹനം കൊണ്ടുപോവുകയായിരുന്നു. അതിനിടെ, രഞ്ജിത്തിന്റെ കോഴിക്കോട്ടെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കോഴിക്കോട് ചാലപ്പുറത്തെ വീടിനാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. വയനാട്ടില്‍ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് പൊലീസിനെ വിന്യസിച്ചത്.

മന്ത്രിമാര്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്ന തരത്തിലാണ് സംസാരിച്ചതെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാണ്. കടുത്ത പ്രതിേഷധങ്ങളുടെ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടേക്കും. പോരാത്തതിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ നീക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും എഐവൈഎഫും ആവശ്യപ്പെട്ടു. ബംഗാളി നടിയുടെ ആരോപണം കേരളത്തിനാകെ അവമതിപ്പുണ്ടാക്കുന്നതാണെന്ന നിലപാടിലാണ് ആനി രാജ. സംസ്ഥാനത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. രഞ്ജിത്തിനെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് എഐവൈഎഫ് ചൂണ്ടിക്കാട്ടി. രഞ്ജിത്ത് സ്വയം ഒഴിയുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശനും പറഞ്ഞു. ചലച്ചിത്ര അക്കാദമിയിലും രഞ്ജിത്തിനെതിരെ എതിര്‍ശബ്ദം ഉയര്‍ന്നു. ആരോപണം ഗൗരവമുള്ളതാണെന്ന നിലപാടാണ് ചലച്ചിത്ര അക്കാദമിയിലെ അംഗങ്ങളായ മനോജ് കാനയും എന്‍ അരുണും പങ്കുവച്ചത്.

എന്നാല്‍, ബംഗാളി നടി പരാതി നല്‍കിയാല്‍ മാത്രം നടപടിയെന്നാണ് സാംസ്‌ക്കാരിക മന്ത്രിയുടെ നിലപാട്. രഞ്ജിത് ഇന്ത്യ കണ്ട പ്രഗല്ഭനായ സംവിധായകനെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്ന ശേഷം ഇട്ട ഫേസ് ബുക്ക് പോസ്റ്റിലും പറയുന്നത് ആരോപണം തെളിഞ്ഞാല്‍ മാത്രം നടപടിയെന്നാണ്.

'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ തനിക്ക് ദുരനുഭവമുണ്ടായെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര ആരോപിച്ചത് വെള്ളിയാഴ്ചയാണ്. സംവിധായകനായ രഞ്ജിത്ത് റൂമിലേക്ക് ക്ഷണിച്ചു. 'റൂമിലെത്തിയതും രഞ്ജിത്ത് കൈയില്‍ തൊട്ട് വളകളില്‍ പിടിച്ചു. പെട്ടെന്ന് പ്രതികരിക്കാനായില്ല. അതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഞെട്ടിപ്പോയ ഞാന്‍ ഉടന്‍തന്നെ ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല,' എന്ന് ശ്രീലേഖ പറഞ്ഞു. അതോടെ മലയാള സിനിമയില്‍ തനിക്കുള്ള അവസരം നഷ്ടമായെന്നും തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ലെന്നും അവര്‍ ആരോപിച്ചു. മോശം പെരുമാറ്റത്തെ എതിര്‍ത്തതുകൊണ്ടു മാത്രമാണ് അവസരം നിഷേധിച്ചതെന്നും അവര്‍ പറയുന്നു. ആരോപണം നിഷേധിച്ച രഞ്ജിത്ത്, ആ വേഷത്തിന് അനുയോജ്യയല്ലാത്തതു കൊണ്ടാണ് അവരെ സിനിമയില്‍ ഉള്‍പ്പെടുത്താത്തത് എന്ന് വിശദീകരിച്ചു.