വാണിമേല്‍: വിലങ്ങാട് മേഖലയില്‍ രണ്ട് മാസം മുന്‍പുണ്ടായ ഉരുള്‍പൊട്ടലിനിടയില്‍ നാശം നേരിട്ട കമ്പിളിപ്പാറ മലയില്‍ വീണ്ടും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും. ഇന്നലെ പെയ്ത മഴയില്‍ വ്യാപകമായ മണ്ണിടിച്ചില്‍ ഉണ്ടാവുക ആയിരുന്നു. ഉരുള്‍ വന്ന വഴിയില്‍ കൂടി മലവെള്ളപ്പാച്ചില്‍ ശക്തമായതോടെ നാട്ടുകാര്‍ ഭീതിയിലായി. മഴ ശമിച്ചതോടെയാണ് ആശ്വാസമായത്. ജൂലൈ 29ന് ഉണ്ടായ ഉരുള്‍പൊട്ടലിനിടയില്‍ പലയിടങ്ങളിലും ഭൂമിയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഈ ഗര്‍ത്തങ്ങളിലേക്ക് വെള്ളത്തിന്റെ കുത്തൊഴുക്കാണു മഴ പെയ്യുന്നതിനിടയില്‍ ഉണ്ടാകുന്നത്.

വാളാംതോടു നിന്നു കമ്പിളിപ്പാറയിലേക്കുള്ള റോഡ് ഉരുള്‍പൊട്ടലില്‍ നശിച്ചത് അതേപടി കിടക്കുകയാണ്. നാട്ടുകാര്‍ റോഡില്‍ നിന്നു കല്ലുകളും മണ്ണും ചെളിയും മാറ്റിയതോടെയാണ് ചെറിയ വാഹനങ്ങള്‍ കഷ്ടിച്ചു കടന്നു പോകുന്നത്. കമ്പിളിപ്പാറയിലെ കരിങ്കല്‍ ക്വാറിയുടെ മുകള്‍ ഭാഗത്ത് അപകടകരമായ അവസ്ഥയിലാണ് വനമേഖല നിലനില്‍ക്കുന്നതെന്നും ഈ മേഖലയില്‍ ഇനിയും ഉരുള്‍പൊട്ടലിനു സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.