കൊച്ചി: ലക്ഷദ്വീപിലെ വാഹന നിയന്ത്രണ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൽപേനി നിവാസി അഡ്വക്കേറ്റ് അജ്മൽ ഖാൻ നൽകിയ ഹരജിയിൽ, ബുധനാഴ്ചകളിൽ 'നോ വെഹിക്കിൾ ഡേ' ആചരിക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് ബെച്ചു കുര്യനാണ് ഹരജി പരിഗണിക്കുന്നത്.

പരിസ്ഥിതി സൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 25 മുതലാണ് എല്ലാ ബുധനാഴ്ചകളിലും 'നോ വെഹിക്കിൾ ഡേ' നടപ്പാക്കാൻ ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിട്ടത്. ഉത്തരവ് ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും ഭരണകൂടം അറിയിച്ചിരുന്നു.

അതേസമയം, ദ്വീപുകളിലെ മദ്യവിതരണത്തിന് അനുമതി നൽകിയ ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ എൻ.സി.പി (ശരത് പവാർ വിഭാഗം) ലക്ഷദ്വീപ് ഘടകം പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും ദ്വീപ് ജനതയുടെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കണമെന്നുമാണ് എൻ.സി.പിയുടെ ആവശ്യം. മദ്യവിതരണത്തിനുള്ള നീക്കം ദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും, ടൂറിസം വികസനത്തിന്റെ പേരിൽ ദ്വീപിലെ മൂല്യങ്ങളെ തകർക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും ലക്ഷദ്വീപ് ഘടകം വാർത്താക്കുറിപ്പിൽ അറിയിച്ചു.