- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ സ്വര്‍ണമാല മോഷ്ടിച്ച കേസ്; സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം; തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ അറസ്റ്റിൽ
തൃശൂര്‍: വടക്കുന്നാഥന്‍ ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ ആറ് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല മോഷണം പോയ കേസിലെ പ്രതികളെ പൊലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് കൂടി ഈസ്റ്റ് പോലീസ് പിടികൂടിയത്. തമിഴ്‌നാട് മധുര മുത്തുപ്പെട്ടി ചെട്ടിയര്‍ തെരുവ് സ്വദേശികളായ ഭഗവതി (34), രാമായി (45) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ നവംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മാല നഷ്ടപ്പെട്ടെന്ന പരാതിയിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിരുന്നു. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം നടന്നത്. സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും പ്രതികളെ കുറിച്ചുള്ള ഇന്‍ഫര്‍മേഷന്‍ നല്‍കുകയും ചെയ്തു.
തുടർന്ന് ആലപ്പുഴയിലെ എടത്വയിലെ ഒരു ക്ഷേത്രത്തിൽ പൊങ്കാല ദിവസം മോഷണത്തിനായെത്തിയ പ്രതികളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പേരാമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ യാത്രക്കാരിയുടെ അഞ്ചു പവന്‍ മാല മോഷ്ടിച്ചതും ഇവരാണെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. കേസില്‍ നാലു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർക്കെതിരെ സംസ്ഥാനത്തുടനീളം മോഷണ കേസുകണ്ടെന്നും പിടികിട്ടാപ്പുള്ളികളായിരുന്നെന്നും ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിജോ അറിയിച്ചു.
തൃശൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സലീഷ് എന്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ജിജോ, സബ് ഇന്‍സ്‌പെക്ടര്‍ ബിപിന്‍ പി. നായര്‍, സൂരജ് അജ്മല്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് ശ്രീജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജ, ഷൈജ, ദുര്‍ഗ എന്നിവരാണ് ഉണ്ടായിരുന്നത്.