- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാർട്ട് ചെയ്യുന്നതിനിടെ റോയൽ എൻഫീൽഡ് ബൈക്കിന് തീപിടിച്ചു; ഉടമ രക്ഷപ്പെട്ടത് അത്ഭുതകരമായി; പവർ പ്ലഗിൽ നിന്നുള്ള തകരാറെന്ന് സംശയം; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ബാലരാമപുരം കട്ടച്ചൽ കുഴിയിൽ വീടിന് മുന്നിൽവെച്ച് സ്റ്റാർട്ട് ചെയ്യുന്നതിനിടെ റോയൽ എൻഫീൽഡ് ബൈക്കിന് തീപിടിച്ചു. വാഹനത്തിന്റെ ഉടമയും യാത്രക്കാരനുമായ നിതീഷ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. തീപിടിത്തത്തിൽ ബൈക്കിന്റെ 80 ശതമാനവും കത്തിനശിച്ചു.
പുറത്തേക്ക് പോകുന്നതിനായി വീടിന് മുന്നിൽ സ്റ്റാൻഡിൽ നിർത്തിയിരുന്ന ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ പുകയും തീയും ഉയരുകയായിരുന്നു. നിതീഷ് ഉടൻതന്നെ വാഹനത്തിൽനിന്ന് ഓടിമാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. നിതീഷ് മാറിയതിന് പിന്നാലെ തീ ആളിക്കത്തി വാഹനം പൂർണ്ണമായി കത്തിയമർന്നു.
വലിയ ശബ്ദത്തോടെ ബൈക്ക് കത്തുന്നത് കണ്ട് വീട്ടുകാരും സമീപവാസികളും പരിഭ്രാന്തരായി. ഉടൻതന്നെ വിഴിഞ്ഞം ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. ബൈക്കിന്റെ പവർ പ്ലഗിൽനിന്നാണ് തീ പടർന്നതെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക നിഗമനം.


