വടകര: വില്യാപ്പള്ളിയില്‍ ആര്‍.വൈ.ജെ.ഡി ക്യാമ്പിലെ പന്തലും കസേരകളും തീവെച്ച് നശിപ്പിച്ചു. ആര്‍.വൈ.ജെ.ഡി, വിദ്യാര്‍ഥി ജനത എന്നിവയുടെ ഏകദിന പരിശീലന ക്യാമ്പിനായി ഒരുക്കിയ പന്തലാണ് തീവെച്ച് നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. 150ഓളം വരുന്ന കസേരകളും തുണിപ്പന്തലും നിലത്ത് വിരിക്കുന്ന മാറ്റും കത്തി നശിച്ചു. എല്ലാം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.

സമീപത്തെ വീട്ടുകാരാണ് തീ കണ്ടത്. തുടര്‍ന്ന് നാട്ടുകാരും ആര്‍.ജെ.ഡി പ്രവര്‍ത്തകരുമെത്തി. വടകരയില്‍നിന്ന് അഗ്‌നിശമന സേനയെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. പോലീസും സംഭവസ്ഥലത്തെത്തി. തീവെപ്പിനു പിന്നില്‍ ആരാണെന്നത് വ്യക്തമായിട്ടില്ല.

രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നും നിലനില്‍ക്കുന്ന പ്രദേശമല്ല ഇത്. ഞായറാഴ്ച രാവിലെ മുതലാണ് ക്യാമ്പ് തീരുമാനിച്ചിരുന്നത്. സംഭവമറിഞ്ഞ് പുലര്‍ച്ചെ തന്നെ ആര്‍.ജെ.ഡി നേതാക്കള്‍ സ്ഥലത്തെത്തി. പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി.