കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

തനിക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനം ഇല്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും കാട്ടിയാണ് ജയശ്രീ ഹൈകോടതിയെ സമീപിച്ചത്. സമാന ഉള്ളടക്കത്തോടെ ജയശ്രീ നല്‍കിയ ജാമ്യാപേക്ഷ ഇന്നലെ പത്തനംതിട്ട ജില്ലാ കോടതി തള്ളിയിരുന്നു. സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്ത് വിടാന്‍ നിര്‍ദേശം നല്‍കിയത് ജയശ്രീയായിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. പദ്മകുമാറിനോട് ചോദ്യം ചെയ്യാനായി ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് രണ്ടുദിവസത്തെ സാവകാശം തേടിയിരുന്നു. ഇത് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഉടന്‍തന്നെ ചോദ്യം ചെയ്യലിലേക്ക് കടക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ അറിഞ്ഞിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിന്റെ പങ്ക് സ്ഥിരീകരിച്ചാല്‍ ഉടന്‍ തന്നെ അന്വേഷണസംഘം അറസ്റ്റിലേക്ക് കടക്കും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍. വാസുവിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.