കൊച്ചി: ശബരിമലയിലെ കരാർ ഇടപാടുകളിൽ വിജിലൻസ് അന്വേഷണം. കുത്തക കരാറുകളിലാണ് വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ശബരിമലയിലെ കഴിഞ്ഞ വർഷം നൽകിയ പാർക്കിങ്, നാളികേരം, കച്ചവട സ്ഥാപനങ്ങളുടെ ലേലം തുടങ്ങിയ കരാർ ഇടപാടുകളിലാണ് അന്വേഷണം. കേസ് വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. വീഴ്‌ച്ച കണ്ടെത്തിയാൽ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. ക്ഷേത്രത്തിന്റെ സ്വത്തുവകകൾ സംരക്ഷിക്കാനുള്ള ബാധ്യത ദേവസ്വം ബോർഡിനുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

കഴിഞ്ഞ മണ്ഡല കാലത്ത് കരാറുകളിൽ ക്രമക്കേട് നടന്നതായി ആക്ഷേപം ഉയർന്നിരുന്നു.ഇതേത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. വ്യവസ്ഥ പ്രകാരമുള്ള ഈടു വെയ്ക്കാതെയും ബാങ്ക് ബാലൻസ് കാണിക്കാതെയും കരാറുകാർ വീഴ്ച വരുത്തുന്നുവെന്നായിരുന്നു ആക്ഷേപം ഉയർന്നത്. തുടർന്നാണ് എല്ലാ കുത്തക കരാറുകളിലും അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചത്.